വയനാട്: വൈകല്യത്തെ വകവെക്കാതെ കഠിനാധ്വാനം ചെയ്ത് പഠിച്ച് നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ ആമിനയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് രാഹുല്‍ ആമിനയെ പ്രശംസ കൊണ്ടു മൂടിയത്.

‘നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികളെ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഇനിയും ഉയരങ്ങളിലെത്തട്ടെ’-ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ കുറിച്ചു.

ചെറുപ്പം മുതല്‍ രാഹുല്‍ ഗാന്ധിയോട് വലിയ ഇഷ്ടമുള്ള മിടുക്കിയാണ് കൊല്ലം സ്വദേശിനി ആമിന. അങ്ങനെ വയനാട് സന്ദര്‍ശനത്തിനായി രാഹുല്‍ വന്നപ്പോള്‍ കൊല്ലത്തു നിന്ന് വണ്ടി കയറിയെത്തി രാഹുലിനെ കണ്ടു. രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച സമ്മാനവും ആമിന ഒപ്പം കരുതിയിരുന്നു. ആമിനക്ക് രാഹുല്‍ ഗാന്ധിയോടുള്ള ഇഷ്ടം കേട്ടറിഞ്ഞ് കെസി വേണുഗോപാലും ഷാഫി പറമ്പിലുമാണ് കാണാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത്.

ആമിനക്ക് ഒരു കൈപ്പത്തിയില്ല. ആ വൈകല്യത്തെ തോല്‍പിച്ചാണ് നീറ്റില്‍ ഉയര്‍ന്ന റാങ്ക്് എത്തിപ്പിടിച്ചത്. ഡോക്ടറാവാനാണ് മോഹം. പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ആമിന ഈ നില വരെ എത്തിയത്. തന്റെ പരിമിതികള്‍ ഡോക്ടര്‍ എന്ന സ്വപ്നത്തെ തകര്‍ക്കുമോ എന്ന പേടി ഇപ്പോഴും ആമിനയെ അലട്ടുന്നുണ്ട്.

നീറ്റ് പരീക്ഷയിൽ വിജയം കൊയ്ത ആമിനക്കുട്ടിയെ കണ്ടു. പ്രതിസന്ധികൾ വെല്ലുവിളിയായെടുത്ത ആമിന ഇന്ത്യൻ പെൺകുട്ടികളുടെ കരുത്തിന്റെ പ്രതീകമാണ്. ഉയരങ്ങൾ എത്തിപ്പിടിക്കാനാവട്ടെ…

Posted by Rahul Gandhi – Wayanad on Tuesday, October 20, 2020