മുംബൈ: താന്‍ വിഷാദ രോഗിയാണെന്നും കഴിഞ്ഞ നാലു വര്‍ഷമായി വിഷാദ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും വെളിപ്പെടുത്തി ആമിര്‍ഖാന്റെ മകള്‍ ഇറഖാന്‍. മാനസികാരോഗ്യ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു ഇറയുടെ പ്രതികരണം.

‘ഹായ്, ഞാന്‍ വിഷാദ രോഗിയാണ്. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ അധികമായി. ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ഞാന്‍ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോള്‍ ഞാന്‍ വളരെ അധികം മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല’ ഇറ വിഡിയോയില്‍ പറയുന്നു.

വിഷാദത്തിലൂടെയുള്ള തന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നത്. ഇതിലൂടെ നമ്മളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും മനസിലാക്കാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഞാന്‍ എവിടെ നിന്നാണോ ആരംഭിച്ചത് അവിടെ നിന്ന് തുടങ്ങാം. എന്തുകൊണ്ടാണ് എനിക്ക് വിഷാദരോഗം വന്നത്. വിഷാദം വരാന്‍ ഞാന്‍ ആരാണ്? എനിക്ക് എല്ലാം ഉണ്ടല്ലോ, അല്ലേ? എന്ന് പറഞ്ഞുകൊണ്ടാണ് ഇറ വിഡിയോ അവസാനിപ്പിക്കുന്നത്.

ആമീര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ. അടുത്തിടെ ഇറ തന്റെ സംവിധായക സംരംഭത്തിന് തുടക്കമിട്ടിരുന്നു.