പതിനാലാം വയസില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകളും നിര്‍മാതാവുമായ ഇറ ഖാന്‍. ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച 10 മിനിറ്റ് വീഡിയോയിലാണ് ഇറ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് തന്നെ ചൂഷണം ചെയ്തതെന്നും ഇറ ഖാന്‍ പറഞ്ഞു.

അതേ സമയം തന്റെ വിഷാദ രോഗത്തിന്റെ കാരണം എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഇറ വീഡിയോയില്‍ പറയുന്നു. അതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണെന്നും ഇറ പറഞ്ഞു. കഴിഞ്ഞ മാസമാണ് താന്‍ വിഷാദത്തിന് അടിമയാണെന്ന് ഇറ ഖാന്‍ പറഞ്ഞത്. നാലു വര്‍ഷത്തോളം വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേ തുടര്‍ന്ന് പിന്തുണച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ ഇറക്കെതിരെ വിമര്‍ശനവുമായി രംഗത്തു വരികയായിരുന്നു.

മാതാപിതാക്കളുടെ വിവാഹ മോചനമാണ് ഇറയുടെ വിഷാദ രോഗത്തിന്റെ കാരണമെന്ന് കങ്കണ റണാവത്ത് പറഞ്ഞു. എന്നാല്‍ അത് തന്നെ ബാധിച്ചില്ലെന്നാണ് ഇറ പറയുന്നത്. മാതാപിതാക്കളുടെ വിവാഹ മോചനം അത്ര അസ്വസ്ഥപ്പെടുത്തുന്ന ഒന്നായിരുന്നില്ല. കാരണം വളരെ സൗഹൃദത്തോടെയാണ് ആമിര്‍ ഖാനും റീന ദത്തയും പിരിഞ്ഞത്. എന്നാല്‍ അവരെപ്പോഴും തന്റെയും ജുനൈദിന്റെയും കാര്യത്തില്‍ കൂടെ ഉണ്ടായിരുന്നു. അവരിപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നുണ്ട്. തങ്ങളുടെ കാര്യത്തില്‍ അവര്‍ എപ്പോഴും ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. അത് തന്നെ വേദനിപ്പിച്ചിട്ടില്ല-ഇറ ഖാന്‍ വ്യക്തമാക്കി.