ഗുവാഹത്തി: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 42 പേരെ സ്വദേശമായ ബംഗ്ലാദേശിലേക്ക് നാടുകടത്തി. അസമിലെ കരിങ്കഞ്ച് ജില്ലയില്‍ കഴിഞ്ഞിരുന്ന 42 പേരെയാണ് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി നിയമങ്ങള്‍ പാലിച്ചാണ് നാടുകടത്തല്‍. 33 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമാണ്.

സാധുവായ രേഖകളില്ലാതെ ബംഗ്ലാദേശില്‍ നിന്ന് പലപ്പോഴായി അസമിലേക്ക് പ്രവേശിച്ചവരാണ് ഇവരെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി പിടികൂടിയ ഇവരെ കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിധ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടുകടത്തല്‍.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ ബംഗ്ലാദേശ് സൈന്യത്തിന് കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ്, ജൂലൈ മാസങ്ങളില്‍ ഇതുപോലെ 50 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു.