ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്‌സായ ലിദിയ യെഷ്പാലാണ് കാമുകന്‍ ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം.എന്‍ അനുചേത് പറഞ്ഞു. ജയകുമാറിന്റെ ചെവിക്കും കവിളിനും പൂര്‍ണമായും പൊള്ളലേറ്റു. ജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലിദിയക്കെതിരെ പൊലീസ് കേസെടുത്തു.

ttn-800x480-image62725428-1

നാലു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ മൂന്നു മാസമായി ജയകുമാര്‍ അകലം പാലിച്ചതാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് ലിദിയയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വ്യത്യസ്ത മതങ്ങളിലായതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ജയകുമാര്‍ യുവതിയോട് അകന്നത്. തുടര്‍ന്ന് മറ്റൊരു വിവാഹത്തെക്കുറിച്ച് ജയകുമാര്‍ ശ്രമം നടത്തിയതോടെയാണ് സ്ഥിതി വഷളായത്. ലിദിയക്കെതിരെ പൊലീസ് വധശ്രമകുറ്റമാണ് ചുമത്തിയിരിക്കുന്നത്.