തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു.

കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം മന:പൂര്‍വ്വം വൈകിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം നീളുന്നതില്‍ മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും വിശദീകരണം ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. നേരത്തേയും കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. നടിക്ക് വേണ്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയും കേസിന്റെ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.