തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്‍ ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്‍ ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കും.

ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപമുണ്ടായത്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയര്‍ന്നു വരണമെന്നും പുതിയ അഭിപ്രായങ്ങള്‍ ഉണ്ടാകട്ടെ എന്നും ജോസഫൈന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫൈന് നേരെ സൈബര്‍ ആക്രമണം നടന്നത്. ജോസഫൈന്റ കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയിലും സാമൂഹ്യ മാധ്യമങ്ങളില്‍ പരാമര്‍ശങ്ങളുമുണ്ട്.