കൊച്ചി: ‘എം പരിവാഹന്‍’ ആപ്പിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് 74 കാരന്റെയും ഭാര്യയുടെയും പേരിലുള്ള 10.54 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി. ഇടപ്പള്ളി അഞ്ചുമന സ്വദേശിയായ ടി.ആര്‍. അപ്പുക്കുട്ടന്‍ നായരും ഭാര്യ ആശാദേവിയും തട്ടിപ്പിന് ഇരയായി. സെപ്റ്റംബര്‍ 13നാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന വ്യാജസന്ദേശം വാട്സ്ആപ്പില്‍ ലഭിച്ചതോടെ അപ്പുക്കുട്ടന്‍ നായര്‍ വാട്സ്ആപ്പിലൂടെ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തു. ‘എം പരിവാഹന്‍’ പേരില്‍ അയച്ച ആന്‍ഡ്രോയിഡ് പാക്കേജ് കിറ്റ് (എപികെ) ഫയല്‍ തുറന്നതോടെ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിച്ചു.
ബാങ്ക് വിവരങ്ങളും ഒടിപികളും ലഭിച്ചതിനെ തുടര്‍ന്ന്, തട്ടിപ്പുകാര്‍ ഇരയുടെ സ്ഥിരനിക്ഷേപ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. അതില്‍ നിന്ന് മൂന്നു ഇടപാടുകളിലൂടെ 8.99 ലക്ഷം രൂപയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1.55 ലക്ഷം രൂപയും അവര്‍ കൈപ്പറ്റി. പണത്തിന്റെ ഭാഗം ബംഗാള്‍ സ്വദേശി ഇര്‍ഫാന്‍ ആലം എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയത്.
പോലീസ് ബാങ്കിനോട് ഇടപാട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി അന്വേഷണം ആരംഭിച്ചു. ‘എം പരിവാഹന്‍’ പേരില്‍ രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്നു പേരെ ജൂലൈയില്‍ കൊച്ചി സിറ്റി പൊലീസ് ഉത്തരപ്രദേശിലെ വാരാണസിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ കേരളത്തില്‍ നിന്നു 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.