Connect with us

columns

വാക്കുകള്‍ കത്തിയ വെളിച്ചത്തില്‍

‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്‍പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.

Published

on

സി.പി സൈതലവി

”ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്‍പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.
ഞങ്ങള്‍ക്കു ചുറ്റും ഭൂമിയാകെ ഉഴുതുമറിക്കപ്പെട്ടിട്ടും, ആഴിയിലെ ജലബിന്ദുക്കള്‍ മുഴുവന്‍ ആവിയായി രൂപാന്തരപ്പെട്ടിട്ടും, കാര്യമറിയാതെ കാല്‍വണ്ണകള്‍ക്കിടയില്‍ കൈകള്‍ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഞങ്ങളുറങ്ങി. ഞങ്ങളറിയാതെ, ഞങ്ങളെക്കൂടാതെ, പല ആമകളും ഇഴഞ്ഞുപോയി.മോഹങ്ങള്‍പോലും മരവിച്ചുപോയ ഒരു ജനത.

സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ്ണരശ്മികള്‍ ഉദയം ചെയ്തിട്ടും നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്കായില്ല. സ്വാതന്ത്ര്യത്തോടൊപ്പം കുത്തിയൊലിച്ചത് ചോരപ്പുഴകളായിരുന്നു. ആ പുഴകളിലൂടെ പൊങ്ങുതടികള്‍പോലെ ഒഴുകിപ്പോയത് ഞങ്ങളുടെ തലകളായിരുന്നു.വെളിച്ചം വിതറാന്‍ ഒരു വിളക്കുമരമില്ലാതെ, കൂടാരമൊരുക്കാന്‍ മരുപ്പച്ച കാണാതെ, ഭാരമിറക്കിവെക്കാന്‍ അത്താണിയില്ലാതെ, മൂടല്‍മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ ഞങ്ങളിരുന്നു. ഞങ്ങളുടെ മോതിരവിരലുകള്‍ പോലും മുരടിച്ചുപോയിരുന്നു. ആകാശത്തുനിന്നു മന്നാ വീണില്ല, പെട്ടകവുമായി ഒരു നോഹാ വന്നില്ല എം.സി കഥ പറഞ്ഞു തുടങ്ങുകയാണ്.

ചരിത്രത്തിന്റെ കല്പടവുകളിലിരുന്ന്, വാക്കുകള്‍ കൂട്ടിയിട്ടുകത്തിച്ച വെളിച്ചത്തില്‍ ഉടലാകെ ആ കഥ പടരുമ്പോള്‍ കേള്‍ക്കുന്നുണ്ടൊരു കാലൊച്ച. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്ങോ പോയ്മറഞ്ഞ പടനായകന്‍ ചരിത്രത്തിന്റെ അടരുകളില്‍ നിന്നിറങ്ങി അടുത്തേക്കുവരുന്നു. എന്നോ വീണുടഞ്ഞ ഗോപുരമണി വീണ്ടും ശബ്ദിക്കുന്നു. സി.എച്ച് മുഹമ്മദ് കോയ എന്ന ഇതിഹാസം കണ്‍മുന്നില്‍ കൈകൂപ്പി മന്ദഹസിച്ചങ്ങനെ….

മലയാളത്തിലേതു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര കൃതിക്കുമില്ല ഇവ്വിധമൊരാമുഖം. ഭാഷയില്‍ മറ്റൊരു ജീവിത കൃതിയിലും കണ്ടുമില്ല. ആദിമധ്യാന്തം കവിതപെയ്യുന്ന വരികള്‍. ചരിത്രത്തിന്റെ ഇരുളും വെളിച്ചവും പ്രതിബിംബിച്ച ഉള്ളടക്കം. രാഷ്ട്രീയ സത്യസന്ധതയില്‍ നിന്നുതിര്‍ന്ന നിശിത വിമര്‍ശനങ്ങള്‍.

സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം സി.എച്ചിനെകുറിച്ച് പ്രസിദ്ധീകൃതമായതില്‍ ഏറ്റവും ആധികാരികവും അനുബന്ധകാലഘട്ടങ്ങളിലെ രാജ്യത്തിന്റെ നേര്‍ചിത്രവുമാണ്. 1983 വരെയുള്ള കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനരേഖകളാണ് ഈ കൃതി കോര്‍ത്തുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം ഇത്രയേറെ രേഖപ്പെടുത്തിയ മറ്റൊരാളില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നയവും നിലപാടും പ്രയാണപഥവും ഗഹനമായി അടയാളപ്പെടുത്തിയതും എം.സി തന്നെ. ‘മുസ്ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍’ എന്ന കൃതിയോടെ ആരംഭിച്ച രചനാദൗത്യം സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം, മുസ്ലിം രാഷ്ട്രീയത്തിന്റെ നൂറുവര്‍ഷങ്ങള്‍, മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ എന്നീ മഹദ്കൃതികളെ സംഭാവന ചെയ്തു.

വടകരയിലെ പഴയ തറവാടുകളിലൊന്നായ മീത്തലെചാലിയില്‍ എന്ന വീട്ടുപേര് എം.സി’യായി ഇബ്രാഹിമിനു മുന്നില്‍നിന്നു. സര്‍ക്കാര്‍ സര്‍വീസിന്റെ കടുത്ത നിയന്ത്രണത്തിലും രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും എഴുത്തിന്റെയും തീവ്രത കുറക്കാനുദ്ദേശ്യമില്ലാത്തതിനാല്‍ ‘എം.സി വടകര’യായി. പലചരക്ക് വ്യാപാരിയായിരുന്നു പഴങ്കാവില്‍ രേരോട്ടില്‍ മൂസയുടെയും മീത്തലെചാലിയില്‍ സൈനബയുടെയും പുത്രന്‍ എം.സി ഇബ്രാഹിമിന്റെ ജനനം രേഖകളില്‍ 1939 ജൂലൈ 1. തീയ്യതി കൃത്യമല്ലെന്നും അത് അധ്യാപകരുടെ സൗകര്യത്തിനു ചെയ്തതാണെന്നും എം.സി. രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതും എം.സി ജനിക്കുന്നതും ഒരേവര്‍ഷം. പക്ഷേ, ലോകയുദ്ധം ശമിച്ചാലും അവസാനിക്കാത്ത ആശയയുദ്ധത്തിലേക്ക് ബാല്യത്തിലേ പോര്‍ച്ചട്ടയണിഞ്ഞിറങ്ങി എം.സി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം. പൊതുവേദിയില്‍ പ്രസംഗത്തുടക്കവും ഇതേകാലം. കവിതയും കഥയും നാടകനിരൂപണവും എഴുതിത്തുടങ്ങിയ ബാല്യ, കൗമാരം. വായനയുടെ സ്വര്‍ഗം തേടിയുള്ള സഞ്ചാരങ്ങള്‍. അഗ്നിപടരുന്ന അക്ഷരങ്ങളുമൊത്ത് എഴുപത് വര്‍ഷമായി തുടരുകയാണ് എം.സിയുടെ സര്‍ഗസപര്യ. എഴുത്തിലും പ്രസംഗത്തിലും സംഭാഷണത്തിലും ഒരേഭാഷ. ലോക സാഹിത്യ, രാഷ്ട്രീയ രംഗം മുതല്‍ നൂറുനൂറായിരം എഴുത്തുകാരുടെ പേരുകള്‍, ചരിത്രസന്ദര്‍ഭങ്ങള്‍, കഥാ, കാവ്യ ഖണ്ഡങ്ങള്‍ അക്ഷരം പിഴക്കാതെ ഒഴുകിവരുമ്പോള്‍ എം.സി, സി.എച്ചിനെ വിശേഷിപ്പിച്ച പ്രയോഗം കരിക്കട്ടകളെപ്പോലും കനല്‍ക്കട്ടകളാക്കി മാറ്റുന്ന കരവിരുതും കരിമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കിയൊഴുക്കുന്ന വാഗ്വിലാസവുമായി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഉത്തുംഗപ്രതിഭയെന്ന് ശിഷ്യനുകൂടി ചേര്‍ത്തുവെക്കാം. ഒരുമാത്ര പോലും മറവി പറ്റാത്ത ഓര്‍മകള്‍. നിലയ്ക്കാത്ത ചരിത്രഗവേഷണങ്ങള്‍. പുതുകഥ, കവിതകള്‍പോലും വായിച്ച് കാലാതീതമായി മിനുക്കിയെടുക്കുന്ന പ്രതിഭ. സദാപുതുക്കുന്ന അറിവുകളുടെ സമ്പന്നത. ഒരു ചരിത്രപണ്ഡിതനോട് സംവാദത്തിന്, യുക്തിവാദിയെ തര്‍ക്കിച്ചുജയിക്കാന്‍, കവിതയുടെ ഛന്ദസ്സിനെക്കുറിച്ചും നോവലിന്റെ ശില്പഭദ്രതയെ സംബന്ധിച്ചും പണ്ഡിതോചിതമായ വിമര്‍ശനത്തിന് എം.സിയുടെ ആവനാഴിയില്‍ ഏതുകാലത്തും അസ്ത്രങ്ങളേറെ.

കവിതയിലെ നാലുവരികളല്ല; അതുമുഴുവനാണു മനഃപാഠം. മലയാള സാഹിത്യമെന്നപോലെ ഇംഗ്ലീഷിലും നല്ല വഴക്കം. ഉള്ളില്‍ നിറഞ്ഞ ചിന്തകള്‍, സംഘര്‍ഷങ്ങള്‍ വരിയായും വാദമായും ഉച്ചസ്ഥായില്‍ പുറത്തേക്കുവരുന്നതിന് സ്ഥല, കാല പരിമിതികളില്ല. ചിലപ്പോള്‍ വളരെ നിശബ്ദമായ ഒരു സദസ്സില്‍ ശ്രോതാക്കള്‍ക്കിടയിലിരിക്കുമ്പോഴാകും. ട്രെയിന്‍ യാത്രയിലോ പള്ളി വരാന്തയിലോ, ആസ്പത്രിയിലോ എം.സി പറയാന്‍ വന്നത് പിന്നേക്കുവെക്കില്ല.

പ്രതിഭയും പ്രവര്‍ത്തന പാരമ്പര്യവുംകൊണ്ട് കേരളത്തിലിന്നുള്ളവരില്‍ ഏറ്റവും മുന്‍നിരയിലെ മുസ്്‌ലിംലീഗ് നേതാവാണ് എം.സി.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകനേതാക്കളില്‍ അധികപേരുമായും അടുത്ത സൗഹൃദത്തിന് ബാല്യത്തിലേ കൈവന്ന അവസരങ്ങള്‍. മുസ്്‌ലിംലീഗിലും യൂത്ത്‌ലീഗിലും എം.എസ്.എഫിലും പലതലമുറകളെ പ്രതിഭയാല്‍ രൂപകല്പന ചെയ്ത ശില്പി. പക്ഷേ, ആ ചമയങ്ങളൊന്നും എടുത്തണിയാന്‍ എം.സിയെ കിട്ടില്ല. മുസ്്‌ലിംലീഗില്‍ സമുന്നത പദവി വഹിക്കാന്‍ സര്‍വഥാ യോഗ്യനായിട്ടും എം.സി തന്റെ ഇരിപ്പിടം വേദിക്കുതാഴെ സദസ്സില്‍ കണ്ടെത്തി. വലിയ നേതാക്കളുമൊത്തുള്ള ചിത്രങ്ങളില്‍ എം.സിയെ കാണില്ല. മുസ്്‌ലിംലീഗിന്റെ പ്രാദേശിക, മണ്ഡലം ഘടകങ്ങളുടെ ഭാരവാഹിത്വത്തില്‍ അദ്ദേഹം സംതൃപ്തനായി. കനത്ത
പദവികളുടെ ഭാരമില്ലാത്ത ജീവിതം ആദര്‍ശത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി. തന്നിലുമിളയവരെത്രയോ ഉയരങ്ങളിലെത്തുമ്പോഴും അസൂയലേശമന്യെ അനുമോദിച്ചു. പിന്തുണച്ചു.

സര്‍വീസില്‍ നിന്നു വിരമിച്ച ഉടന്‍ നഗരസഭാ കൗണ്‍സിലറായി പ്രാദേശിക വികസനത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചു. രാത്രിയില്‍ ലോറികളില്‍ യാത്രചെയ്തുപോലും പഠനകേമ്പുകളില്‍ വിഷയാവതാരകനായെത്തി. മുമ്പൊരിക്കല്‍ കുറിച്ച പോലെ; മലയാളകവിതക്കു വെച്ച മഷികൊണ്ട് രാഷ്ട്രീയ സാഹിത്യമെഴുതുന്ന ചരിത്രപണ്ഡിതനായ എം.സിയുമായി ഒരു അഭിമുഖം നേര്‍ച്ചയാക്കി കാലമേറെ കടന്നുപോയി. വടകരയിലെ ഹരിതാലയത്തില്‍ വര്‍ത്തമാനത്തിനിരുന്നപ്പോള്‍ ഒരു പകലും രാവും മതിയായതുമില്ല. പിന്നെയും തേടിച്ചെന്നു. ആ സുദീര്‍ഘ സംഭാഷണങ്ങളില്‍ എം.സിയുടെ സ്വന്തം കഥയില്‍ നിന്നൊരു ചീന്ത് മാത്രം ഇവിടെ:
എസ്.പി.എച്ച് വിലാസം സ്‌കൂളില്‍ അഞ്ചുവരെ പഠനം. മനാറുല്‍ ഉലൂം മദ്രസ ഹയര്‍ എലമെന്ററി സ്‌കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. തേര്‍ഡ് ഫോം മുതല്‍ ബി.ഇ.എം ഹൈസ്‌കൂളില്‍. അക്കാലത്ത് സ്‌കൂളിലെ സമരങ്ങളിലെല്ലാം സജീവം. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഡീറ്റന്‍ഷന്‍ വിരുദ്ധ സമരം. എസ്.എസ്.എല്‍.സി പരീക്ഷക്ക് പാസാകുമെന്ന് ഉറപ്പുള്ളവരെ മാത്രം അയക്കുന്ന സംവിധാനത്തിനെതിരെ. മലബാറിലെ തന്നെ ആദ്യത്തെ വിദ്യാര്‍ത്ഥി സമരമായിരുന്നു അത്.

ഹൈസ്‌കൂള്‍ പഠനകാലത്ത് വടകര ടൗണ്‍ എം.എസ്.എഫിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 1954ല്‍ വടകരയില്‍ നടന്ന മലബാര്‍ ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനം നടന്ന സ്ഥലം ഇന്ന് സീതി സാഹിബ് മൈതാനം എന്നറിയപ്പെടുന്നു. മലബാറില്‍ എം.എസ്.എഫ് പുനര്‍ജനിക്കുന്നത് ആ സമ്മേളനത്തിലൂടെയാണ്. അതില്‍ വെച്ച് മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ പ്രവര്‍ത്തക സമിതിയില്‍ ഞാന്‍ വരുന്നുണ്ട്. പി.എം അബുബക്കര്‍ ആയിരുന്നു പ്രസിഡന്റ്, കെ ഹംസത്ത് സെക്രട്ടറി, അദ്ദേഹം ലക്ഷദ്വീപില്‍ പോയ സമയത്താണ് ഇ അഹമ്മദ് സെക്രട്ടറിയാകുന്നത്.
തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് പിന്നീട് പഠിച്ചത്. ഇ അഹമ്മദ് സാഹിബ് അവിടെ എന്റെ സീനിയറായിരുന്നു. മതപഠനം വടകര ജുമാമസ്ജിദ് ദര്‍സില്‍.

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തന്നെ നന്നായി പുസ്തകം വായിക്കുമായിരുന്നു. രാവിലെ തന്നെ ലൈബ്രറിയില്‍ എത്തും, അടയ്ക്കുന്നത് വരെ അവിടെയുണ്ടാകും. അക്കാലത്ത് ലോകപ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു. ‘ദ മാന്‍ ഹു ചേയ്ഞ്ച്ഡ് ചൈന’ എന്ന പേള്‍ബക്കിന്റെ പുസ്തകം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കൗതുകത്തിന് വേണ്ടി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
ബഷീറിന്റെ പുസ്തകങ്ങളുടെ വലിയ ആരാധകനായിരുന്നു ഞാന്‍. പൊറ്റക്കാടിന്റെയും ബഷീറിന്റെയും എല്ലാ പുസ്തകവും വായിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങള്‍ തന്നെയായിരുന്നു വായിച്ചതിലധികവും. മാര്‍ക്സിന്റെ ‘ദാസ് കാപ്പിറ്റലി’ന്റെ ഇംഗ്ലീഷും ദേവദാസ് തര്‍ജ്ജമ ചെയ്ത പുസ്തകവും വായിച്ചു. പക്ഷെ ഒരിക്കലും എനിക്ക് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം തോന്നിയിട്ടില്ല.

നാടകത്തിലും കലാപ്രവര്‍ത്തനത്തിലുമൊക്കെ അക്കാലത്ത് പങ്കെടുക്കാറുണ്ടായിരുന്നു. ഈ കാലത്ത് എന്റെ കൂടെയുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് യോഗങ്ങള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നെങ്കിലും അന്ന് എന്റെ മനസ്സില്‍ ശക്തമായി മതമുണ്ടായിരുന്നു. സ്ഥിരമായി ജിന്നാ തൊപ്പിയിടും. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ നിന്നും കലാമണ്ഡലത്തിലേക്ക് എസ്‌കര്‍ഷന് പോയി. മഹാകവി വള്ളത്തോളിന്റെ അടുത്ത് നിന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോയെടുത്തു.
സി.എച്ചുമായി ആദ്യം സംസാരിക്കുന്നത്, ഞാന്‍ എഴുതി ചന്ദ്രികയിലേക്ക് അയച്ച കഥ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ്. എം.എസ്.എഫ് കാലത്ത് ചന്ദ്രികയില്‍ പോയിട്ടുണ്ടെങ്കിലും അന്നൊന്നും നേരിട്ട് സംസാരിച്ചിരുന്നില്ല. 1957-58 കാലഘട്ടത്തിലാണ് ഞാന്‍ കഥ അയക്കുന്നത്. ഞാന്‍ ലേഖനം എഴുതിത്തുടങ്ങിയതിന് ശേഷമാണ് സി.എച്ചിന് എന്നെ പേരറിയുന്ന പരിചയമുണ്ടായത്. ആദ്യകഥ അച്ചടിച്ചുവന്നില്ലെങ്കിലും 1961 ല്‍ ഞാന്‍ ഗവണ്‍മെന്റ് സര്‍വീസിലുള്ള സമയത്ത് തീക്കാറ്റ്’ എന്ന നാടകത്തിന്റെ നിരൂപണമെഴുതി ചന്ദ്രികക്ക് അയച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.ആദ്യത്തെ പുസ്തകം ‘ചരിത്രത്തിന്റെ ദശാസന്ധികളില്‍’ ആണ് ചന്ദ്രിക പ്രസിദ്ധീകരിച്ച ഏക രാഷ്ട്രീയ കൃതി. പിന്നീട് ആ പുസ്തകത്തിന് പല രൂപപരിണാമങ്ങളും വന്നു. ഒടുവില്‍ ഇറങ്ങിയത് ‘മുസ്്ലിം രാഷ്ട്രീയത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന പേരിലായിരുന്നു.

മലയാള ഭാഷയില്‍ തന്നെയാണ് കാര്യമായി അറിവുള്ളത്. ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി എന്നിവ സാമാന്യം നന്നായി അറിയാം. ഗുജറാത്തിയും തമിഴുമെല്ലാം എഴുതാനും കഴിയും. വിമോചന സമരത്തില്‍ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രാവിലെ അറസ്റ്റ് ചെയ്താല്‍ വൈകീട്ട് വിട്ടയക്കും. വടകര താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്തതിന് ഒരിക്കല്‍ രണ്ടാഴ്ചത്തേക്ക് ശിക്ഷിക്കപ്പെട്ടു. അന്ന് സമരക്കാരെകൊണ്ട് ജയില്‍ നിറഞ്ഞതിനാല്‍ സാമൂതിരി കോവിലകം ജയിലാക്കിയിരുന്നു. അവിടെയായിരുന്നു ഞാന്‍. അന്ന് ജയിലില്‍ ഡോ. കെ.ബി മേനോന്‍ തുടങ്ങിയവരുണ്ട്. ജയിലില്‍ പത്ത് ദിവസം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു. അതിന്റെ തുടര്‍ച്ചയായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും ചെയ്തു. എം.എസ്.എഫ് പ്രഥമ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടുണ്ട്.

1961ല്‍ നടുവണ്ണൂരില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി സര്‍വീസില്‍ കയറി. ആ കാലഘട്ടത്തില്‍ എന്‍.ജി.ഒ യൂണിയന്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. അന്ന് സംഘടനക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. ആദ്യ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായി. ക്രമേണ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈയിലൊതുക്കി. സംഘടനയിലെ സി.പി.എം മുദ്രാവാക്യത്തോട് യൂത്ത് ലീഗുകാരും എം.എസ്.എഫുകാരുമായി വന്ന ഉദ്യോഗസ്ഥര്‍ക്ക് വെറുപ്പുതോന്നി. ഇവര്‍ക്കെല്ലാം സംഘടനയുണ്ടാക്കാമെങ്കില്‍ നമുക്കും ആയിക്കൂടെ എന്നൊരു ചിന്ത മുസ്്ലിംലീഗുകാരായ ഉദ്യോഗസ്ഥരില്‍ വന്നു.
അതിന്റെ ഭാഗമായി 1982ല്‍ കോഴിക്കോട് നീലിമ ലോഡ്ജില്‍ യു.എ ബീരാന്‍ സാഹിബിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ഒത്തുചേര്‍ന്നു. ഞാന്‍ പ്രസിഡന്റും കെ.എസ് ഹലീലുറഹ്്മാന്‍ (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയും കെ.എം കോയാമു (മലപ്പുറം) ഖജാഞ്ചിയുമായി ആദ്യത്തെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി വന്നു. സംഘടനയുണ്ടാക്കിയ വിവരം സി.എച്ചിനോട് പറഞ്ഞു. ‘എന്‍.ജി.ഒ യൂണിയന്‍കാരോട് തവാന്തകന്‍ ഭൂമിതലേ ജനിച്ചു’ എന്നു പറഞ്ഞേക്ക് എന്നായിരുന്നു സി.എച്ചിന്റെ പ്രതികരണം.
സര്‍വീസിലുള്ളതിനാല്‍ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ എനിക്ക് വരാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ടായിരുന്നു. ഭാഷാസമരത്തിന്റെ ഓരോ അണുവിലും ഞാനുണ്ട്. സര്‍വീസിലുള്ള സമയത്ത് ചന്ദ്രികയിലും മാപ്പിള നാടിലും ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എം.സി എന്ന പേരില്‍ എഴുതിയിരുന്നു. ഞങ്ങള്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച യങ് ലീഗ് സ്പീക്കേഴ്സ് ഫോറത്തില്‍ വെച്ചാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ‘ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ഞാന്‍ ആര്‍.എസ്.എസിനെ വിശ്വസിക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം സംഭവിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച കൊല്ലം തന്നെ വടകര ടൗണ്‍ മുസ്്ലിംലീഗ് പ്രസിഡന്റായി. 1995 ല്‍ വടകര മുനിസിപ്പല്‍ കൗണ്‍സിലറായി, കൗണ്‍സിലില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായിരുന്നു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായി. നാട്ടിലെ ചെറിയ കലാസംഘടനകളിലൊക്കെ ഞാനുണ്ടായിരുന്നു. എവറസ്റ്റ് മ്യൂസിക് ക്ലബ്, വി.ടി കുമാരന്‍ മാസ്റ്റര്‍ ട്രസ്റ്റ്, എ. മമ്മുമാഷ് സ്ഥാപിച്ച ‘പ്രതീക്ഷ’ ലൈബ്രറിയുടെ പ്രസിഡന്റാണിപ്പോള്‍. 1996ല്‍ വടകര മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി. 2018 മുതല്‍ വടകര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റാണ്. വടകര എം.ഐ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദീര്‍ഘകാലമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠനഗവേഷണ കേന്ദ്രം ചെയര്‍മാനുമാണ്. കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം മുസ്‌ലിം യൂത്ത് ലീഗ് പുനഃസംഘടിപ്പിക്കുന്നതില്‍ പ്രധാന പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ഥലം മാറ്റങ്ങള്‍ക്കും വിധേയനായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണ് എഴുത്തിലെ എന്റെ പ്രചോദനം. ആദ്യത്തെ ഖണ്ഡിക തന്നെ ആകര്‍ഷകമാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സി.എച്ചിന്റെ ചരിത്രം എഴുതുന്നതില്‍ കുമാരനാശാന്റെ വീണ പൂവിന്റെ സ്വാധീനമുണ്ട്. വീണ പൂവിലെ ആദ്യത്തെ വാക്ക് ഹാ’ എന്നും അവസാനം ‘കഷ്ടം’ എന്നുമാണ്. അതുപോലെയൊരു നാടകീയത വേണമെന്ന് ഞാന്‍ കരുതി. സി.എച്ചിന്റെ ചരിത്രം ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നത് ‘ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു’ എന്നാണ്.സി.എച്ച് ജീവിച്ചിരുന്ന സമൂഹത്തെ അവതരിപ്പിക്കുക. ആ സമൂഹത്തില്‍ നിന്നും ഒരു പൂ വിരിയുന്ന പോലെ സി.എച്ച് വിരിഞ്ഞു വരണം എന്നതായിരുന്നു എന്റെ ആഗ്രഹം. പുസ്തകത്തിന്റെ തുടക്കമായിരുന്ന ‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്ന് എഴുതിയതിന് ശേഷം മൂന്ന് ആഴ്ചയോളം ഞാന്‍ പിന്നെ ഒന്നും എഴുതിയില്ല. അത് കണ്ടിട്ട് പി.എ റഷീദ് എന്നോട് കലഹിച്ചു. അങ്ങനെയാണ് അടുത്ത വരികള്‍ എഴുതുന്നത്. പുസ്തകം എഴുതിത്തീര്‍ക്കാന്‍ വര്‍ഷങ്ങളെടുത്തു. സി.എച്ച് മരിക്കുന്നതിന് മുമ്പ് എട്ട് അധ്യായങ്ങളായിരുന്നു പൂര്‍ത്തിയായത്. എഴുത്തിന്റെ ഭാഗമായി ഒന്നുരണ്ടു പ്രാവശ്യം സി.എച്ചിനെ കണ്ടിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും സി.എച്ചിന് ഓര്‍മപ്പിശകുണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു എഴുത്ത്.
പതുക്കെ എഴുതി പൂര്‍ത്തീകരിച്ചാല്‍ മതിയല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്ന് സി.എച്ച് മരിച്ചുവെന്ന് കേള്‍ക്കുന്നത്. എന്റെ ഉദാസീനത കാരണം സി.എച്ച് ജീവിച്ചിരിക്കുമ്പോള്‍ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. പിന്നീട് എഴുത്ത് വേഗത്തിലായി.

എം.ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനം ചെയ്തത്. അന്നദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു; ഈ പുസ്തകം ഞാന്‍ ഒരു തവണ വായിച്ചു. ഗൗരവമായ വായന അര്‍ഹിക്കുന്നത് കൊണ്ട് ഒരുതവണകൂടി വായിക്കാന്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്.’ എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.അടിസ്ഥാനപരമായി ഞാന്‍ ഒരു ചരിത്രകാരനൊന്നുമല്ല. സാഹചര്യം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു. എഴുതിയപ്പോള്‍ ചരിത്രമാണെന്ന് ആളുകളൊക്കെ പറഞ്ഞു. ചരിത്രരചനയുടെ സാങ്കേതിക വശമൊന്നും എനിക്ക് അറിഞ്ഞു കൂടാ. മുസ്ലിം രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ കണ്ടെത്തി സമൂഹങ്ങള്‍ക്ക് പകരുക, പൊതുസമൂഹം വില്ലന്മാരാക്കി അവമതിച്ചവരെ ചരിത്രത്തിന്റെ അഭ്രപാളിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചരിത്രത്തോടുള്ള ആവേശത്തേക്കാള്‍ എന്നില്‍ മുന്നിട്ടുനിന്നത് രാഷ്ട്രീയ ആവേശവും മതപരമായ ആവേശവുമായിരുന്നു. ചരിത്രം സ്വാഭാവികമായി വന്നുകൂടിയതാണ്. സി.എച്ചിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തയാളാണ് ഞാന്‍. ‘എന്റെ സമുദായത്തിന്റെ അവകാശം മുടിനാരു പോലും വിട്ടുകൊടുക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം അന്നായിരുന്നു. ജീവിതം, അനുഭവം, യാത്ര, എത്തിനില്‍ക്കുന്ന ഇടം ഇതുകൊണ്ടെല്ലാം സംതൃപ്തനാണോ?

വേണ്ടത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. പക്ഷെ ഒട്ടും തന്നെ നിരാശയില്ല. കെ.സി അബൂബക്കര്‍ മൗലവിയുടെ ഒരു പ്രസംഗമാണ് എന്റെ ചിന്തയില്‍ നിറയുന്നത്. ഞാന്‍ എത്രകാലമായി മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നു. അതൊക്കെ സമുദായത്തോടുള്ള ഞങ്ങളുടെ കടമയായിരുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ട് എന്ത് കിട്ടുമെന്ന് ഞാന്‍ ആലോചിച്ചിട്ടില്ല. യാതൊരു നിരാശയുമില്ലാത്ത മുസ്്‌ലിംലീഗുകാരനാണ് ഞാന്‍. ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്. അതൊക്കെ എന്റെ സമുദായത്തോട് എനിക്ക് ചെയ്യാനുള്ള ബാധ്യതയായിരുന്നു. ഇപ്പോള്‍ സമുദായം അനുഭവിക്കുന്നതില്‍ ഒരു പങ്ക് ഞാനും നിര്‍വഹിച്ചല്ലോ എന്നുള്ളൊരു സംതൃപ്തിയാണ് എനിക്കുള്ളത്’. കെ.സിയുടെ വാക്കുകള്‍ ആപ്തവാക്യം പോലെ എഴുതിവെക്കണം. ഭാവി തലമുറക്കും ചിന്തിക്കാന്‍.

മറ്റൊന്ന് തിരുവനന്തപുരത്ത് പി.വി മുഹമ്മദ് എം.എല്‍.എയുടെ മുറിയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ കെ.സി അബൂബക്കര്‍ മൗലവി അവിടെ വന്നിട്ട് പറഞ്ഞു. ‘പി.വീ, എനിക്ക് ഒരു അഞ്ചുറുപ്പിക വേണം. ട്രെയിനിന് ടിക്കറ്റെടുക്കാനാണ്.’ മുസ്‌ലിംലീഗിന് മന്ത്രിമാരുള്ള കാലമാണ് അത്. പി.വിയുടെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു. ‘ഇവരൊക്കെ പ്രസംഗിച്ച് തൊണ്ടപൊട്ടിയത് കൊണ്ടല്ലെ ഞാനൊരു എം.എല്‍.എയായത്. എന്നിട്ട് ഞാനിവിടെ എം.എല്‍.എയായിട്ട് സുഖിക്കുക, ശില്പികളായ ഇവര്‍ക്ക് ടിക്കറ്റെടുക്കാന്‍ അഞ്ചുറുപ്പികയില്ലാതെ വര്വാന്ന് പറഞ്ഞാല്‍ എത്ര സങ്കടകരമാണ്.’
കഥ തീരുമ്പോള്‍ എം.സി കൂട്ടിച്ചേര്‍ത്തു:

ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍കൊള്ളാന്‍ ഒരുപാട് അനുഭവങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് സി.എച്ച് പോയ്മറഞ്ഞു. ആലസ്യത്തിന്റെ പുതപ്പിനുള്ളില്‍നിന്നു ഞങ്ങളെ തുയിലുണര്‍ത്താന്‍ മൃതസഞ്ജീവനിയുമായി വന്ന ആ ഉണര്‍ത്തുപാട്ടിന്റെ നാദധാരകള്‍ ഞങ്ങളുടെ ഹൃദയ ഭിത്തികളില്‍നിന്നു ഒരുകാലത്തും മാഞ്ഞുപോകില്ല. ഞങ്ങള്‍ക്കിനി ഉറങ്ങാനാവില്ല. ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചാട്ടുളിപോലെ ചീറിവന്നു ഞങ്ങളെ കര്‍മ്മനിരതരാക്കും. ഞങ്ങള്‍ക്ക് ഉണര്‍ന്നിരിക്കാനേ കഴിയൂ. ഉണര്‍വ്വിന്റെ സന്ദേശം ഞങ്ങളുടെ ചെവികളില്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം പോയി.അപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഇഷ്ടദാനവും കോടതിവിധിയും പരിഹാരവും

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

കോടതിവിധി വന്നതോടെ കേരളത്തിലെ കുടുംബങ്ങളില്‍, വിശേഷിച്ചും മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ അങ്കലാപ്പും അനിശ്ചിതത്വവും പ്രകടമായി. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മാതാവും പിതാവും മൂന്ന് മൈനര്‍ (18 വയസ്സിന് താഴെയുള്ള) കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 20 സ്റ്റാന്‍ഡേര്‍ഡ് ഏക്കറായിരുന്നു. ബാക്കി വരുന്ന ഭൂമി സര്‍ക്കാരിന് നല്‍കണം. അതോടെ 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നഷ്ടപ്പെട്ടു. ഓരോ ഉള്‍ക്കുടുംബങ്ങള്‍ക്കും പ്രത്യേകം ഭൂപരിധി നിശ്ചയിക്കുന്ന രീതിയാണ് അവിഭക്ത ഹൈന്ദവ കുടുംബങ്ങളില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഇത് ഹൈന്ദവ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക പിന്തുടര്‍ച്ചാനിയമങ്ങള്‍ പിന്തുടരുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്ക് അവകാശം ലഭിക്കില്ല എന്ന അവസ്ഥ പരിഗണിച്ച് മുസ്‌ലിം കുടുംബനാഥന്മാര്‍ നല്‍കിയ ഇഷ്ടദാനം 1974 ലെ ഹൈക്കോടതി വിധിയിലൂടെ അസാധുവായി.

അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക്കൂടി ലഭ്യമാകുന്ന ഭേദഗതി അതോടെ അനിവാര്യമായി. തദനുസൃതമായ ഇഷ്ടദാന ബില്‍ കൊണ്ടുവരാന്‍ ഐക്യമുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും റവന്യു മന്ത്രി ബേബി ജോണിന്റെയും നേതൃത്വത്തിലായിരുന്നു.

പി.കെ.വി സര്‍ക്കാര്‍ ഇഷ്ടദാനബില്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി 1970 മുതല്‍ 1974 വരെയുള്ള ഇഷ്ടദാനങ്ങള്‍ക്ക് നിയമ പ്രാബല്യം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ മുന്നില്‍ നില്‍ക്കേണ്ട മുഖ്യമന്ത്രി പി.കെ.വിക്ക് അപ്പോഴാണ് ചാഞ്ചാട്ടമുണ്ടാകുന്നത്. അക്കാലമത്രയും നിയമസഭയില്‍ ഇഷ്ടദാനത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച പി.കെ.വി പെടുന്നനെ ഇഷ്ടദാന ബില്‍ ‘ശരിയല്ല’ എന്ന വാദമുന്നയിച്ച് ഐക്യമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1979 ഒക്ടോബര്‍ 8 നു ഇഷ്ടദാനബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ അതേദിവസം തന്നെ മുഖ്യമന്ത്രിപദം രാജിവെക്കാന്‍ പി.കെ.വി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകാരിലെ ന്യൂനപക്ഷ വിരുദ്ധമായ ‘വരേണ്യവീര്യം’ പ്രകടമായ സംഭവമായിരുന്നു അത്. ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇഷ്ടദാന ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നത് നയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഷ്ടദാന ബില്ലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുസ്‌ലിംലീഗും പ്രഖ്യാപിച്ചു.

പി.കെ.വി രാജിവെച്ചതോടെ ഐക്യമുന്നണി സര്‍ക്കാര്‍ തകരുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്‌നം കണ്ടത്. അതുവഴി ഇഷ്ടദാനത്തെ ഇല്ലാതാക്കാനും കമ്യൂണിസ്റ്റ് ഐക്യം സാക്ഷാത്കരിക്കാനും കഴിയുമെന്നവര്‍ കരുതി. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കൈകോര്‍ത്തുപിടിച്ചു. സര്‍ക്കാരിനെ തള്ളിയിട്ട് ഇഷ്ടദാനത്തെ ഇല്ലാതാക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഷ്ടദാന നിയമത്തിന്റെ അഭാവം ഏറെ കഷ്ടപ്പെടുത്തിയിരുന്ന ക്രിസ്ത്യന്‍ സമൂഹവും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ യത്‌നിച്ചു. പ്രതിഭാധനനും സര്‍വസ്വീകാര്യനും തന്ത്രശാലിയുമായ സി.എച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരിക മാത്രമാണ് പരിഹാരമെന്ന് അവരും തിരിച്ചറിഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് മാത്യൂവിന് കത്ത് കൈമാറി. അതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു), എന്‍.ഡി. പി, പി.എസ്.പി, ജനതാപാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. അതോടെ സി.എച്ച് മുഹമ്മദ്‌കോയയെ മുഖ്യമന്ത്രിയായി ഐക്യമുന്നണി പ്രഖ്യാപിച്ചു. സി.എച്ച് മന്ത്രിസഭ വരാതിരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പല അടവുകളും പയറ്റിനോക്കി. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

1979 ഒക്ടോബര്‍ 22 ന് നിയമസഭ ചേര്‍ന്നു. 24ാം തീയതി തന്നെ ഇഷ്ടദാനവുമായി ബന്ധപ്പെട്ട ഭൂ പരിഷ്‌കരണ നിയമ ഭേദഗതി സി.എച്ച് അവതരിപ്പിച്ചു. പി.കെ.വിയും ഇ.എം.എസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷം അതിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി. ഭേദഗതി കര്‍ഷക വിരുദ്ധമാണെന്നും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ബില്‍ അതേപടി നിലനിര്‍ത്തണമെന്നും ഇ.എം.എസ് പറഞ്ഞപ്പോള്‍ ആ ബില്ലില്‍ ‘സ്‌നേഹ വാത്സല്യങ്ങളുടെ’ പേരില്‍ ഇഷ്ടദാനം ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന കാര്യം എ.കെ ആന്റണി ഓര്‍മ്മിപ്പിച്ചു. ഗൗരിയമ്മയുടെ ബില്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയാണോ വേണ്ടതെന്ന ആന്റണിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. വാത്സല്യത്തിന്റെ പേരില്‍ ഇഷ്ടദാനം നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ പിന്തുണക്കുന്ന ഇ.എം.എസ് ആണോ അതോ അത് റദ്ദ് ചെയ്ത കോടതിയാണോ കര്‍ഷകരുടെ ബന്ധു എന്ന് സി.എച്ച് പരിഹസിച്ചു. കര്‍ഷക വാത്സല്യത്തിന്റെ പേരിലല്ല സ്‌നേഹവാത്സല്യം എന്ന് കമ്യൂണിസ്റ്റുകാര്‍ ബില്ലില്‍ ചേര്‍ത്തത് എന്ന് അദ്ദേഹം ഇ.എം.എസിനെ ഓര്‍മിപ്പിച്ചു. സ്‌നേഹവാത്സല്യത്തിന്റെ പേരില്‍ ആര്‍ക്കും വാരിക്കോരി കൊടുക്കാമായിരുന്ന മാര്‍ക്‌സിസ്റ്റുകള്‍ പാസാക്കിയ ഇഷ്ടദാനത്തെ 1972 ല്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ മക്കള്‍ക്കും പേരമക്കള്‍ക്കും മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത് എന്നും അതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തത് എന്നും അതിനുള്ള പരിഹാരമാണ് പുതിയ ബില്‍ എന്നും സി.എച്ച് സഭയെ ബോധ്യപ്പെടുത്തി.

1957 ലെയും 1960 ലെയും കാര്‍ഷിക പരിഷ്‌കാര ബില്ലിലും 1964 ലെയും 1969 ലെയും ഭൂ പരിഷ്‌കരണ ബില്ലിലും ഇഷ്ടദാനം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം സഭയില്‍ തെളിവുകള്‍ നിരത്തി സംസാരിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്നും 1972 ജൂലൈ 23 നു രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ‘വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ ബാധകമായിട്ടുള്ള പ്രായപൂര്‍ത്തിയായ സന്താനങ്ങള്‍ക്ക് ഇതുമൂലം വിവേചനം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്’ എന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.

സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു. മൂന്നുദിവസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ.എം.എസും പി.കെ.വിയും ടി.കെ രാമകൃഷ്ണനുമെല്ലാം ഉയര്‍ത്തിയ മറുവാദങ്ങള്‍ക്ക് വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്ത് ഭേദഗതി ബില്‍, കേരള അഭിഭാഷക ക്ഷേമനിധി ബില്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബില്‍ എന്നിവ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സി.എച്ച് അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലുകളാണ്.

ഇഷ്ടദാന ബില്‍ പാസായതിന് ശേഷം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ കേരള കോണ്‍ഗ്രസ് (എം) പിന്തുണ പിന്‍വലിച്ചു. ശേഷം കോണ്‍ഗ്രസ് (യു) കൂടി പിന്തുണ പിന്‍വലിച്ചതോടെ സി.എച്ച് മുഖ്യമന്ത്രി പദം രാജിവെച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാളുകളായിരുന്നു സി.എച്ചിന്റെ ഭരണകാലം.
(അവസാനിച്ചു)

Continue Reading

Article

ഇരട്ടക്കൊലയും സിപിഎമ്മിന്റെ ഇരട്ടത്താപ്പും

പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്.

Published

on

അഡ്വ. കെ.എ ലത്തീഫ്

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലോകകപ്പിന്റെ ചുവടൊപ്പിച്ച് ലഹരിക്കെതിരെ മില്യന്‍ ഗോള്‍ അടി തുടരുന്നതിനിടയിലാണ് തലശ്ശേരി കൊടുവള്ളിയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മൃഗീയമായി കുത്തേറ്റ് മരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഷമീര്‍ എന്നയാള്‍ സി.പി.എം പാര്‍ട്ടി മെമ്പറും ഭാര്യാസഹോദരന്‍ ഖാലിദ് പാര്‍ട്ടി അനുഭാവിയുമാണ്. ഇക്കഴിഞ്ഞ 23 ന് തലശ്ശേരി സഹകരണ ആശുപത്രിക്ക് മുമ്പില്‍ നടന്ന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സി.പി.എം ചാനലായ കൈരളി എഴുതിയും വായിച്ചും കണ്ണൂര്‍ പ്രതിനിധിയെകൊണ്ട് സംഭവ സ്ഥലത്തുനിന്നും പറയിപ്പിച്ചും ജനം കേട്ടത് കൊല നടത്തിയത് ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് എന്നാണ്. (എന്നാല്‍ വണ്ടി കച്ചവടത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ബാബുവുമായി തര്‍ക്കം ഉണ്ടായിരുന്നു എന്നും പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ കൊളശ്ശേരി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടന്നിട്ടുണ്ടെന്നും ഈ പ്രദേശത്ത് പ്രചരിച്ച വാര്‍ത്തയാണ്.) തുടര്‍ന്ന് സി.പി.എം ഏരിയ കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഈ അരുംകൊല നടത്തിയത് ലഹരി മാഫിയ സംഘമാണ് എന്നാണ്. നാട്ടില്‍ പാതിരാത്രിയിലെ അന്ത്യയാമങ്ങളില്‍ സാക്ഷി പോലും ഇല്ലാത്ത അക്രമങ്ങളിലെയും കൊലപാതകങ്ങളിലെയും പ്രതികളെ മഷിയിട്ട് നോക്കി ഗവേഷണം നടത്തി പേരും ഊരും തറവാട് പേരും ഉള്‍പ്പെടെ പ്രഖ്യാപിക്കുന്ന സി.പി. എം പാര്‍ട്ടിയോ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയോ ഈ ഇരട്ടകൊലപാതക കേസിലെ മുഖ്യ പ്രതിയെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടുപോലും ഇല്ല എന്ന മട്ടിലാണ്.

കേസിലെ ഒന്നാം പ്രതി പാറായി ബാബു തലശ്ശേരി കൊടുവള്ളി പ്രദേശത്തെ കിരീടം വെക്കാത്ത രാജാവാണ്. നേരത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന പാറായി ബാബുവിനെ ബി.ജെ.പി പുറത്താക്കിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് പിണറായി വിജയന്റെ ശിഷ്യന്‍മാരാണ്. അന്ന്മുതല്‍ ഇന്നുവരെ ബാബു സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി അംഗത്വമുള്ള ആളാണ് എന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നുണ്ട്. ഗുണ്ടാപ്പിരിവ് ഈ പ്രദേശത്ത് ബാബു ജീവിതത്തിന്റെ ഭാഗമാക്കിയപ്പോള്‍ സഹികെട്ട പല കച്ചവടക്കാരും വിഷയം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ചെറുവിരല്‍ പോലും ബാബുവിനെതിരെ ചൂണ്ടാന്‍ സി.പി.എം നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ബാബു പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും കൃത്യമായി നിര്‍വഹിക്കുന്ന സഖാവ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കൊടുവള്ളിയിലെ ചായ കടയില്‍ വെച്ചാണ് പാറായി ബാബു ബാറ്റ ബാബു എന്ന ബി.ജെ.പിക്കാരനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൈ അറ്റുതൂങ്ങിയ ബാറ്റബാബു രക്ഷപ്പെട്ടെങ്കിലും കൈക്കകത്ത് സ്റ്റീല്‍ ഘടിപ്പിച്ചു വീണ്ടും ജോലിക്ക് പോകവെ ആണ് വെല്‍ഡിങ് പ്രവൃത്തിക്കിടെ ഷോക്കേറ്റ് മരിക്കുന്നത്. പാറായി ബാബുവിനെതിരെ ധര്‍മ്മടം പൊലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസ് നടത്തിയതും സി.പി.എം പാര്‍ട്ടിയായിരുന്നു. ഹാജരായത് സി.പി.എം അഭിഭാഷകനും. പാര്‍ട്ടി സമരപരിപാടികള്‍ എവിടെ ആയിരുന്നാലും അവിടങ്ങളിലൊക്കെ കുതിച്ചെത്തുന്ന കമ്യൂണിസ്റ്റാണ് ബാബു.

കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കല്ലെറിയാല്‍ 20 കി.മീ. താണ്ടിയാണ് ബാബു കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് എത്തിയത്. ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പാറായി ബാബു പ്രതിയാണ്. ആ കേസിന്റെ വിചാരണ ഇപ്പോഴും കണ്ണൂര്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂട്ടുപ്രതികള്‍ രണ്ട് മുന്‍ എം.എല്‍.എമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി പദം അലങ്കരിച്ചവര്‍ ഉള്‍പ്പെടെ. ഇവരോടൊപ്പമാണ് പാറയില്‍ ബാബു പ്രതിപട്ടികയിലുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊളശ്ശേരി പ്രദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല എന്ന പരിപാടി നടക്കുകയുണ്ടായി. മനുഷ്യശൃംഖലയില്‍ ഇടതും വലതുമുള്ള സഖാക്കളുടെ കൈകളില്‍ മുറുക്കെ പിടിച്ച് നില്‍ക്കുന്ന താടിക്കാരന്‍ സഖാവുണ്ട്. അവിടെ വെച്ച് ലഹരിക്കെതിരായി ശക്തമായ വിപ്ലവം നടത്താന്‍ പ്രതിജ്ഞ എടുത്ത ആ താടിക്കാരന്റെ പേരാണ് പാറയി ബാബു എന്ന ഇരട്ടകൊല കേസിലെ ഒന്നാം പ്രതി.

ബാബുവിന്റെ പ്രദേശത്ത് എം. ശ്രീജിത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് പാറായി ബാബു പായസം വിതരണം നടത്തുന്ന വീഡിയോയും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സ്വീകരിച്ച് ആനയിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലാണ്. എം.വി ജയരാജന്‍ പ്രസംഗിക്കുന്ന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വരി പ്രസ്താവനയില്‍ എങ്കിലും പ്രതിയെ തള്ളിപ്പറയാന്‍ സി.പി.എം പാര്‍ട്ടി തയ്യാറാവാത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരുടെ മയ്യത്തുകള്‍ ഖബറടക്കിയതിനുശേഷം പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മയക്കുമരുന്ന് മാഫിയക്ക് എതിരെ ശക്തമായി പ്രസംഗിച്ചെങ്കിലും പാറായി ബാബുവിന്റെ പേര് അബദ്ധത്തില്‍ പോലും ഉച്ചരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. ദൃശ്യമാധ്യമങ്ങളും പ്രിന്റ് മീഡിയാകളും മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം തെളിവ് സഹിതം നിരത്തിയിട്ടും പ്രതി ബാബുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ തയ്യാറാവാത്തത് പാര്‍ട്ടി ബാബുവിനെ ഭയപ്പെടുന്നു എന്നത് കൊണ്ട് തന്നെയാണ്.

കൊലക്ക് ശേഷം എത്ര സുന്ദരമായാണ് ബാബുവും സംഘവും തലശ്ശേരി വിട്ടത്. പ്രതികള്‍ ആയുധവുമായി വന്ന ഓട്ടോറിക്ഷ പിണറായി വിജയന്റെ വീടിനടുത്തുനിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ കിഴക്കുംഭാഗം എന്ന സ്ഥലത്താണ് ഒളിപ്പിച്ച്‌വെച്ചത്. പാര്‍ട്ടി ഗ്രാമമായ കിഴക്കും ഭാഗത്ത് ഇത്ര ധൈര്യത്തില്‍ വണ്ടി കൊണ്ട് വെക്കാനും ഏഴാം പ്രതി സന്ദീപിന്റെ പിണറായിയിലെ വീട്ടില്‍ സൂക്ഷിച്ച പിക്അപ്പ് വാനില്‍നിന്ന് പ്രതികള്‍ ധരിച്ച വസ്ത്രവും പരിസരത്തുനിന്ന് കത്തിയും കണ്ടെടുത്തു എന്നു പറയുമ്പോള്‍ പിണറായി പ്രദേശത്തെ പ്രാദേശിക നേതൃത്വവും കൊലയാളികള്‍ക്ക് ഒപ്പമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ ആവുമോ?.

പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത ലഹരി നിര്‍മാണ കാമ്പയിന്റെ ഭാഗമായി മരണപ്പെട്ടവര്‍ നടത്തിയ ഇടപെടലാണ് ലഹരി വിപണന മാഫിയയുടെ ഭാഗമായ ബാബു സ്വന്തം സഹപ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമായത്. എന്നിട്ടും എന്തെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൊലപാതകിയെ കുറിച്ച് മൗനം പാലിക്കുന്നു. മാത്രവുമല്ല കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ ബക്കറ്റ് പിരിവ് നടത്തി രക്തസാക്ഷി കുടുംബത്തോട് കൂറുപുലര്‍ത്തുന്നതാണ് സി.പി.എം ശൈലി. എങ്കില്‍ കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി നേരിട്ട് രംഗത്ത് ഇറങ്ങുന്നില്ല എന്ന വാര്‍ത്തയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം തലശ്ശേരി നഗരസഭ ചെയര്‍മാന്‍ ലഹരിമുക്ത കാമ്പയില്‍ നടത്താന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വെച്ച് മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസറെ കണ്‍വീനര്‍ ആക്കി ഫണ്ട് ശേഖരണത്തിനായി കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ്. കണ്ടതിനൊക്കെ മണിക്കൂറുകള്‍കൊണ്ട് ലക്ഷങ്ങള്‍ പിരിക്കുന്ന പാര്‍ട്ടി കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തിന് സഹായഫണ്ട് പിരിക്കാന്‍ പോലും തയ്യാറല്ലത്രെ. സ്വന്തം സഖാക്കളെ അതിക്രൂരമായി കൊലചെയ്ത കൊലയാളികളോട് ഇതിലേറെ ഐക്യദാര്‍ഢ്യം സി.പി.എം പാര്‍ട്ടിക്ക് എങ്ങിനെ പ്രകടിപ്പിക്കാനാവും. ഇരട്ട ചങ്കന്റെ നാട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടി ഇരട്ടത്താപ്പ് അരി ആഹാരം കഴിക്കുന്നവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Continue Reading

Article

തോറ്റുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍-എഡിറ്റോറിയല്‍

ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്

Published

on

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ ചുമതല ഡോ. സിസ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ പിണറായി സര്‍ക്കാറിന് കോടതിയില്‍നിന്ന് വീണ്ടും തിരിച്ചടിയേറ്റിരിക്കുന്നു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായി ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കെ തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് സര്‍ക്കാര്‍ കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയിരിക്കുന്നത്.

സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറെ സുപ്രീംകോടതി പുറത്താക്കിയതും ഫിഷറീസ് സര്‍വകലാശാലാ വൈസ്ചാന്‍സലറെ ഹൈക്കോടതി പുറത്താക്കിയതും കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസര്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയുമാണ് ഇതിനുമുമ്പ് സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍നിന്നുമായി സര്‍ക്കാര്‍ നേരിട്ട തിരിച്ചടികള്‍. ഈ പരാജയങ്ങള്‍ പിണറായി സര്‍ക്കാറിനെ സംബന്ധിച്ചടുത്തോളം നിയമപരം മാത്രമല്ല രാഷ്ട്രീയപരവും കൂടിയാണ്. സര്‍വകലാശാലകളിന്‍മേല്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ക്കെതിരെ ഒരു ഭാഗത്ത് സര്‍ക്കാര്‍ നിയമപരമായി നടത്തുന്ന നീക്കങ്ങള്‍ക്കുപുറമേ മറുഭാഗത്ത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തെരുവില്‍ പ്രക്ഷോഭങ്ങളും നടന്നുകൊണ്ടിരിക്കുകയായിരുന്നു. കോടതിയുടേയും പൊതുജനത്തിന്റെയുമെല്ലാം കണ്ണില്‍പൊടിയിടാനുള്ള ഈ ചെപ്പടി വിദ്യകള്‍ പക്ഷേ വിലപ്പോകുന്നില്ലെന്നു മാത്രം.

സാങ്കേതിക സര്‍വകലാശാല വി.സിയെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഏറ്റവും വൃത്തികെട്ട നീക്കങ്ങളാണ് സര്‍വകലാശാലാ ആസ്ഥാനത്ത് സര്‍ക്കാറിന്റെ ആസൂത്രണത്തില്‍ സി.പി.എം പോഷക സംഘടനകളും ഇടതു അനുകൂല സംഘടനകളും ചേര്‍ന്ന് നടത്തിയിരുന്നത്. വൈസ് ചാന്‍സലര്‍ ചുമതലയേല്‍ക്കുന്നത് തടയാന്‍ ശ്രമിക്കുകയും അതു വിലപ്പോവാതെ വന്നപ്പോള്‍ അദ്ദേഹത്തോട് നിസ്സഹകരണം പ്രഖ്യാപിക്കുകയായിരുന്നു എസ്.എഫ്.ഐയും ചില സര്‍വീസ് സംഘടനകളും. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ സംസ്ഥാനത്തെ സാധാരണ പൗരന്റെ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ്. ‘ഭരണഘടനാ ചുമതലയുള്ള ഉന്നതസ്ഥാനം വഹിക്കുന്നവര്‍ തമ്മിലുള്ള തര്‍ക്കം പരസ്യപ്രകടനമാകുമ്പോള്‍ വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ വിദഗ്ധരിലുമുണ്ടാകുന്ന ആഘാതങ്ങള്‍ വിലയിരുത്തണം.

നൂതന ആശ്യങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കൊണ്ട് ലോകമെങ്ങും സര്‍വകലാശാലകള്‍ മുന്നേറുകയാണ്. ഒരു വട്ടം കീര്‍ത്തി നഷ്ടപ്പെട്ടാല്‍ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’. ഇത്രയും പറഞ്ഞ കോടതി ചുമതലയേറ്റെടുത്തതുമുതല്‍ ഒരു വിഭാഗം ജീവനക്കാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണെന്നും ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ വരെ കെട്ടിക്കിടക്കുകയുമാണെന്നുള്ള വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അറിയിച്ചതും ചൂണ്ടിക്കാട്ടുകയുണ്ടായി.

സര്‍വകലാശാലാകളെ കരുവാക്കി ഗവര്‍ണറും സര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്ന ഈ ചക്കളത്തിപ്പോരില്‍ മലയാളികളെ അസ്വസ്തമാക്കുന്നത് കോടതി നടത്തിയ ഈ നിരീക്ഷണങ്ങള്‍ മാത്രമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇക്കണ്ട പദവികളിലേക്കെല്ലാം സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ കണ്ണുമടച്ച് ഒപ്പിട്ടു നല്‍കിയത് ഈ ഗവര്‍ണര്‍ തന്നെയാണെന്നതും ഇരുകൂട്ടരും തമ്മിലുള്ള ഇടപാടുകളിലുണ്ടായ തര്‍ക്കമാണ് നിലവിലെ നിയമ വ്യവഹാരങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുമെല്ലാം കാരണമെന്നും പകല്‍ പോലെ വ്യക്തമാണ്. പക്ഷേ ഈ വ്യാജ ഏറ്റുമുട്ടലിലൂടെ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ പ്രതീക്ഷകളുമാണ് പന്താടപ്പെടുന്നത് എന്നതാണ് പ്രശ്‌നം.

ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ അവര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്തുസംഭവിച്ചാലും തങ്ങളുടെ ഭാഗം വിജയിക്കണമെന്ന നിലപാടില്‍ തന്നെയാണ് ഇരുകൂട്ടരും. ഏതായാലും ഒന്നുറപ്പാണ്. ഒരു തലമുറയുടെ സ്വപ്നങ്ങളുടെ മേല്‍ റീത്തുവെച്ചുകൊണ്ടിരിക്കുന്ന ഈ ഗവര്‍ണറും സര്‍ക്കാറും തലമുറകളോട് മാപ്പു പറയേണ്ടിവരികതന്നെ ചെയ്യും.

Continue Reading

Trending