ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. വൃത്തികെട്ട കളികളിലൂടെ ബി.ജെ.പി ഇന്നത്തെ വിശ്വാസവോട്ടെടുപ്പ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ബി.ജെ.പി എല്ലാ വൃത്തികെട്ട വഴികളിലൂടെയും ജയിക്കുമെന്ന് ഞാന്‍ പ്രവചിക്കുന്നു. കാത്തിരുന്ന് കാണാം.’ എന്നായിരുന്നു മുന്‍ ബി.ജെ.പി നേതാവു കൂടിയായ യശ്വന്ത് സിന്‍ഹയുടെ ട്വീറ്റ്.

കര്‍ണാടകയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ നേരത്തെയും രംഗത്തുവന്നിരുന്നു. ഐ.പി.എല്‍ ക്രിക്കറ്റു പോലെ ഒരു ഇന്ത്യന്‍ രാഷ്ട്രീയ ലീഗാണ് കര്‍ണാടകയില്‍ ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

2019ലെ പാര്‍ലമെന്റു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ലെങ്കിലും അധികാരം എങ്ങനെ പിടിച്ചടക്കുമെന്നതിന്റെ റിഹേഴ്‌സലാണ് കര്‍ണാടകയില്‍ കാണുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.