ലക്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍ പിന്തുടരണമെന്ന് സ്‌കൂള്‍ മാനേജുമെന്റുകള്‍. സി.ബി.എസ്.ഇ സ്‌കൂളുകളിലാണ് യോഗിയുടെ പോലെ മുടിവെട്ടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുടിവെട്ടുന്നതില്‍ മാത്രമല്ല, സ്‌കൂളില്‍ മാംസാഹാരം കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് യോഗിയെപ്പോലെ മുടിവെട്ടിവരാനാണ് ആവശ്യപ്പെട്ടത്. ആര്‍മിയിലുള്ളവരെപ്പോലെ പറ്റെമുടി വെട്ടണം. താടിയോ മുടിയോ നീട്ടിവരാന്‍ അനുവദിക്കില്ല. ഇത് മദ്രസയല്ല, നിസ്‌ക്കരിക്കാനല്ല വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരുന്നതെന്നുമാണ് സംഭവത്തെക്കുറിച്ച് സ്‌കൂള്‍ മാനേജര്‍ രന്‍ജിത് ജെയിന്‍ പറയുന്നത്. നേരത്തെ റിഷാബ് അക്കാദമി കോ എഡുക്കേഷന്‍ സ്‌കൂളുകളില്‍ മുടി പറ്റെ വെട്ടാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ച സംഭവം വിവാദമായിരുന്നു. രക്ഷിതാക്കാള്‍ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സുകളാണ്. ലൗ ജിഹാദില്‍ നിന്നും പെണ്‍കുട്ടികളെ തടയുന്നതിനാണ് ഇതെന്നും മാനേജര്‍ പറഞ്ഞു.