കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ യൂത്ത് ലീഗ് പോസ്റ്റര്‍ പതിച്ച് പ്രതിഷേധിക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ശാഖാ തലങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങ്ങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രീംകോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.