കണ്ണൂര്‍: പുതുമണവാളന്റെ വസ്ത്രങ്ങളുമണിഞ്ഞ് മണവാട്ടിയെ കണ്ടിറങ്ങും മുമ്പാണ് മുസദ്ദിഖിന്റെ ഫോണിലേക്ക് വിളിയെത്തുന്നത്. ”ഒരു അര്‍ജന്റ് ആവശ്യമുണ്ട്. നമ്മുടെ ആംബുലന്‍സിലേക്ക് ഏതെങ്കിലും ഒരു ഡ്രൈവറെ കിട്ടുമോ”.

കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആംബുലന്‍സ് സര്‍വീസിന്റെ സ്ഥിരം ഡ്രൈവറായ മുസദ്ദിഖ് മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളന്റെ വസ്ത്രത്തില്‍ തന്നെ ആംബുലന്‍സിന്റെ വളയവും പിടിച്ച് നേരിട്ടെത്തി. കണ്ടുനിന്നവര്‍ ആദ്യം ഒന്നമ്പരന്നു. മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുമ്പോഴേക്കും സമയം വൈകുമെന്നും എന്റെ സന്തോഷത്തേക്കാള്‍ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്റെ മറുപടി.

കൊതേരിയിലെ പനിമൂര്‍ച്ഛിച്ചു അവശയായ രോഗിയെ വാരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മണവാളന്‍ പിന്നീട് കല്യാണ വീട്ടിലേക്ക് മടങ്ങിയത്. സുഹൃത്തും ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ സെക്രട്ടറിയുമായ ശുഹൈബ് കൊതേരിയാണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആറളം സ്വദേശിനി സുഹാനയാണ് മുസദ്ദിഖിന്റെ വധു. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിമിന്റേയും മറിയമിന്റെയും മകനാണ്.