യൂട്യൂബ് തകരാര്‍ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്. യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകള്‍ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാര്‍. ഡൗണ്‍ ഡിടക്ടറിലും യൂട്യൂബിന് തകരാര്‍ സംഭവിച്ചതായി കാണിച്ചു. യൂട്യൂബ് ഡൗണ്‍ ആണെന്ന് പറഞ്ഞ് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ യൂട്യൂബ് ട്വീറ്റുമായി രംഗത്തെത്തിയിരുന്നു.

പ്രശ്‌നം ലോകത്താകമാനം ഉണ്ടെന്നും പരിഹരിക്കുകയാണെന്നും യൂട്യൂബ് അറിയിച്ചിരുന്നു. യൂട്യൂബ് നിശ്ചലമായതോടെ യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു. യൂട്യൂബ് ടിവി, ഗൂഗിള്‍ ടിവിയില്‍ നിന്ന് വാങ്ങുന്ന സിനിമകള്‍ മറ്റ് ടിവി ഷോകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമായി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവലാണ് തകരാര്‍ പരിഹരിച്ചത്.