ന്യൂഡല്‍ഹി: വിദേശ ടി 20 ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഓള്‍റൗണ്ടര്‍ യൂസുഫ് പത്താന് സ്വന്തം. ഹോങ്കോങ് ടി 20 ലീഗില്‍ ജഴ്‌സി അണിയാന്‍ മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ചിലാണ് യൂസഫ് പത്താന്‍ ഹോങ്കോങ്് ടി20 ലീഗില്‍ കളിക്കുക. ഇതിനായി പത്താന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും, ബറോഡ ക്രിക്കറ്റ് അസോസിയേഷനും അനുമതി നല്‍കി. കൗലൂണ്‍ കാന്റോന്‍സിന് വേണ്ടിയാണ് യൂസഫ് ഹോങ്കോങ് ലീഗില്‍ ജെഴ്‌സി അണിയുക. താരസമ്പന്നമാണ് കൗലൂണ്‍ ടീം. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദി, ഇംഗ്ലണ്ടിന്റെ തയ്മല്‍ മില്‍സ്, സ്‌കോട്ടിഷ് താരം കാലും മക്‌ലിയോഡ് തുടങ്ങിയവരും യൂസഫിനൊപ്പം ടീമിലുണ്ടാകും. ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സംഗക്കാര, തിലകരത്‌ന ദില്‍ഷന്‍ വെസ്റ്റിന്‍ഡീസ് താരം ഡാരണ്‍ സമ്മി, ന്യൂസിലന്‍ഡിന്റെ ജയിംസ് ഫാല്‍ക്‌നര്‍ ദക്ഷിണാഫ്രിക്കന്‍ ഓഫ് സ്പിന്നര്‍ ജോഹന്‍ ബോത തുടങ്ങിയവരും ഹോങ്കോങ് ടി 20 ലീഗിലെ മാര്‍ക്വി താരങ്ങളാണ്. കഴിഞ്ഞ സീസണില്‍ ഓസീസ് മുന്‍ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കായിരുന്നു കൗലൂണ്‍ കാന്റോന്‍സിന്റെ മാര്‍ക്വി താരം. 34കാരനായ പത്താന്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. 2012ലാണ് യൂസഫ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്.
നേരത്തെ ഐപിഎല്ലിന് പുറമെ ധാക്കാ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനമാണ് യൂസഫ് പത്താന് കാഴ്ച്ചവെച്ചത്. ലീഗിലെ അരങ്ങേറ്റം മത്സരത്തില്‍ സ്വന്തം ടീമായ അബാനി ലിമിറ്റഡിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് താരം ശ്രദ്ധാ കേന്ദ്രമായത്. 47 പന്തിലായിരുന്നു പത്താന്റെ 60 റണ്‍സ്. രണ്ട് സിക്‌സും 7 ഫോറും മത്സരത്തില്‍ പത്താന്‍ പറത്തി. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന അബാനി ടീം 44.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രമുഖ താരമായ യൂസഫ് പത്താന്‍ സിംബാബ്വെ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്നാണ് ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ നിന്നായി 72 റണ്‍സ് ശരാശരിയില്‍ 361റണ്‍സാണ് താരം നേടിയത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലുള്ള അഞ്ചു ടീമുകളാണ് ഹോങ്കോങ് ടി 20 ലീഗില്‍ കളിക്കുന്നത്.