2019 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ ഇറങ്ങുന്ന പുതിയ വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വ്യാജനമ്പറുകളിലുള്ള വാഹനങ്ങള്‍ തടയുന്നതിനും ഏകീകൃത സംവിധാനം ഒരുക്കുന്നതിനുമായാണ് പ്രധാനമായും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് എന്ന ആശയം ഒരുക്കിയത്. 2001ല്‍ ഇത് സംബന്ധിച്ച് നിയമ ഭേദഗതി വരുത്തിയിരുന്നെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് പ്രാബല്യത്തില്‍ വന്നത്.

അതിസുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി) പ്രത്യേകതകള്‍

1.എച്ച്.എസ്.ആര്‍.പിയും തേഡ് രജിസ്‌ട്രേഷന്‍ മാര്‍ക്കും ഡീലര്‍മാര്‍ ഘടിപ്പിച്ച് നല്‍കും.

2.പ്ലേറ്റ് ഘടിപ്പിച്ച് വാഹനത്തിന്റെ ഡാറ്റ വാഹന്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫീസില്‍ ആര്‍സി ബുക്ക് പ്രിന്റ് ചെയ്യാനാകൂ.

3.ഈ പ്ലേറ്റുകളുടെ വിലയും ഫിറ്റിങ്ങ് ചാര്‍ജും വാഹനവിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.

4.നമ്പര്‍ പ്ലേറ്റ് ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റില്‍ നിര്‍മിച്ച്, ടെസ്റ്റിങ്ങ് ഏജന്‍സി അംഗീകരിച്ച് AIS:159:2019 അനുസരിച്ച് നിര്‍മിക്കുന്നവയുമാണ്.

5.പ്ലേറ്റിന്റെ നാല് വശങ്ങളും റൗണ്ട് ചെയ്തിട്ടുണ്ട്.ഇതിനൊപ്പം എംബസ്ഡ് ബോര്‍ഡറും നല്‍കുന്നുണ്ട്.

6.വ്യാജ പ്ലേറ്റുകള്‍ തടയാന്‍ 20×20 എംഎം സൈസുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ ഇടത് ഭാഗത്ത് പതിപ്പിക്കും.

7.ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോകചക്രം ആലേഖനം ചെയ്യും.

8.നമ്പര്‍ പ്ലേറ്റുകള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം ഗ്യാരണ്ടി ഉറപ്പാക്കും.

9.നമ്പര്‍ പ്ലേറ്റിന്റെ ഇടത് ഭാഗത്ത് താഴെയായി 10 അക്കങ്ങളുള്ള ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കും.

10.നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ 45 ഡിഗ്രി ചെരുവുല്‍ ഇന്ത്യ എന്നെഴുതിയ ഹോട്ട് സ്റ്റാമ്പിങ്ങ് ഫിലീമുണ്ട്.

11.പ്ലേറ്റിന്റെ ഇടത് വശത്ത് നടുവിലായി IND എന്ന നീല നിറത്തില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.

12.ഇത് ഊരി മാറ്റാന്‍ കഴിയാത്തതും, ഊരിയാല്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയാത്തതുമായ സ്‌നാപ്പ് ലോക്കിങ്ങ് സിസ്റ്റത്തിലാണ് ഘടിപ്പിക്കുക.

മൂന്നാം രജിസ്‌ട്രേഷന്‍ പ്ലേറ്റ് (ഗ്ലാസില്‍ പതിപ്പിക്കുന്നത്)

1.ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കര്‍ രൂപത്തിലുള്ള 100X60 എംഎം വലിപ്പത്തിലുള്ള സ്റ്റിക്കറാണിത്.

2.ഇളക്കി മാറ്റാന്‍ ശ്രമിച്ചാല്‍ ഇത് നശിച്ച് പോകുന്നതാണ്.

3.മുന്നിലെ വില്‍ഡ് ഷീല്‍ഡിന്റെ ഉള്ളില്‍ ഇടത് വശത്താണ് ഇത് പതിപ്പിക്കേണ്ടത്.

രജിസ്‌ട്രേഷന്‍ അതോറിറ്റി, വാഹന നമ്പര്‍, ലേസര്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ തീയതി എന്നിവയാണ് ഇതിലുള്ളത്.
ഇതിന്റെ താഴെയായി 10X10 എംഎം വലിപ്പത്തില്‍ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.
സ്റ്റിക്കര്‍ കളര്‍; ഡീസല്‍ വാഹനംഒറഞ്ച്, പെട്രോള്‍/സിഎന്‍ജി വാഹനം ഇളം നീല, മറ്റുള്ളവ ഗ്രേ