ന്യൂഡല്‍ഹി: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടുമായി ബി.ജെ.പി. ദേശതാത്പര്യത്തിനു മേല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാരെ അഭിനന്ദിക്കുന്നതായും പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു. പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശര്‍മ.

മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിയോട് അടുപ്പമുള്ള ദിഗ് വിജയ് സിങ് അത് ആര്‍.എസ്.എസിന്റെ ചെയ്തിയാണ് എന്നാണ് പറഞ്ഞിരുന്നത്. അഫ്‌സല്‍ഗുരുവിന് നീതി കിട്ടിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര മന്ത്രി പറയുന്നത്. സിമിയുടെ യോഗത്തില്‍ ഉസാമ ബില്‍ ലാദന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നിരുന്നു. എന്തിനാണ് രാഹുല്‍ ഗാന്ധി പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നത്- ശര്‍മ ചോദിച്ചു. ഏറ്റുമുട്ടല്‍ സംബന്ധിച്ചുള്ള വീഡിയോകളില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഭീകരവാദികള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ കൊല്ലപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിളിന്റെ കാര്യത്തില്‍ എന്തു കൊണ്ട് മിണ്ടുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം തീവ്രവാദികളെ പൊതുജനങ്ങളുടെ മധ്യത്തില്‍ വെച്ച് വെടിവെച്ചു കൊല്ലണം എന്നായിരുന്നു ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രതികരണം. ഇതില്‍ അന്വേഷണം വേണമെന്ന് പറയുന്നവര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണ്. ദിഗ്‌വിജയ് സിങും കെജ്‌രിവാളുമാണ് സിമിയുടെ സ്ഥാപകര്‍ എന്നു തോന്നുന്നു. ഒരു ഭാഗത്ത് ഭീകരതയ്ക്ക് മതമില്ല എന്നവര്‍ പറയുകയും, ഭീകര്‍ക്കെതിരെ നടപടിയെടുത്താല്‍ അവര്‍ക്ക് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുകയാണ്- മഹാരാജ് പറഞ്ഞു.