ന്യൂഡല്‍ഹി: റോഹിന്‍ഗ്യകള്‍ അഭയാര്‍ഥികളല്ല, അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇവരെ ഇന്ത്യയില്‍നിന്നും മടക്കി അയക്കുന്നതില്‍ മനുഷ്യാവകാശ ലംഘനം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഹിന്‍ഗ്യകളെ സ്വീകരിക്കുന്നതില്‍ മ്യാന്‍മര്‍ വിമുഖത പ്രകടിപ്പിക്കാത്ത സ്ഥിതിക്ക് അവരെ നാടുകടത്തുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. അഭയാര്‍ഥികളുടെ പദവി റോഹിന്‍ഗ്യകള്‍ക്ക് നല്‍കിയിട്ടില്ല. അവര്‍ക്ക് ഇവിടെ അഭയം നല്‍കിയിട്ടുമില്ല.
അവരിപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ മാത്രമാണ്. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. 1951ലെ ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി കണ്‍വന്‍ഷനില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലെങ്കില്‍ പോലും റോഹിന്‍ഗ്യകളെ നാടുകടത്തുന്നത് വഴി ഇന്ത്യ ഒരു അന്താരാഷ്ട്ര നിയമവും ലംഘിക്കുന്നില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.
ഇതോടെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളോട് കേന്ദ്രം മനുഷ്യത്വപരമായ സമീപനം കാണിക്കില്ലെന്ന് കൂടുതല്‍ വ്യക്തമായി. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തും എന്നതിനാലാണ് റോഹിന്‍ഗ്യകളെ നാടുകടത്തുന്നതെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്.
റോഹിന്‍ഗ്യകളെ രാജ്യത്തു നിന്നും ഒഴിപ്പിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ തുടരുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. തിരിച്ചയക്കുന്നത് തടയണമെന്ന ആവശ്യം നീതിക്ക് നിരക്കുന്നതല്ല.
ഇന്ത്യന്‍ പൗരന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത് മൗലിക അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാണ്. നാടുകടത്തല്‍ സംബന്ധിച്ച് നിയമം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തിന്റെ വിശാല താല്‍പര്യം മാനിച്ച് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അവകാശം സര്‍ക്കാറിന് വിട്ടു നല്‍കണമെന്നും സത്യവാങ് മൂലത്തില്‍ കേന്ദ്രം പറയുന്നുണ്ട്.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഒക്ടോബര്‍ മൂന്നിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജ്‌നാഥ് സിങ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്.