ന്യൂഡല്‍ഹി: ഇറാഖില്‍ നിന്ന് കാണാതായ ഇന്ത്യക്കാരുടെ പേരില്‍ വിദേശകാര്യ മന്ത്രി സുമഷമാ സ്വരാജും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ രാജ്യസഭയില്‍ വാക്‌പോര്. ഇതുസംബന്ധിച്ച് ഇന്നലെ രാജ്യസഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗങ്ങളായ അംബികാ സോണിയും പ്രതാപ് സിങ് ബജ്‌വയും സുഷമയെ ചോദ്യം ചെയ്തത്. ഇറാഖില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന സുഷമാ സ്വരാജ് കഴിഞ്ഞദിവസം ലോക്‌സഭയില്‍ വിശദീകരിച്ചിരുന്നു. ഈ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് അംബികാ സോണിയും പ്രതാപ് സിങും രാജ്യസഭയില്‍ കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സുഷമയുടെ മറുപടി. വ്യക്തമായ തെളിവില്ലാതെ കാണാതായവര്‍ മരിച്ചെന്ന് പറയാനാകില്ലെന്നും ഇതുവരെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊ, ചോരപ്പാടുകളൊ, ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. കാണാതായ ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അവര്‍ ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നതിന് ഒരു തെളിവും സര്‍ക്കാരിന്റെ കയ്യിലില്ല. തെരച്ചിലിന് മറ്റു രാജ്യങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതെങ്ങനെ തെറ്റിദ്ധരിപ്പിക്കലാവും-സുഷമ ചോദിച്ചു. എന്നാല്‍ ഇറാഖിലെ ഐ.എസിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട ഹര്‍ജിത് മസിഹ് എന്ന പഞ്ചാബ് സ്വദേശി പ്രസ്താവന എന്തുകൊണ്ട് മുഖവിലക്കെടുക്കുന്നില്ലെന്ന് പ്രതാപ് സിങ് ചോദിച്ചു. ഐ.എസിന്റെ തടവിലാക്കിയ 39 ഇന്ത്യക്കാര്‍ വധിക്കപ്പെട്ടതായി ഇയാള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ പറയുന്നത് സത്യമെങ്കില്‍ കാണാതായവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൊള്ളയായ ഉറപ്പാണ് നല്‍കുന്നതെന്നും പ്രതാപ് സിങ് പറഞ്ഞു.