ക്വാലാലംപൂര്‍: രണ്ടുവര്‍ഷം മുമ്പ് ക്വാലാലംപൂരില്‍നിന്ന് ബീജിങിലേക്കുള്ള യാത്രാമധ്യേ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണ ഭാഗത്ത് രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന തെരച്ചില്‍ വിമാനത്തിന്റെ ഒരു അവശിഷ്ടം പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ വടക്കന്‍ മേഖലയിലേക്ക് തെരച്ചില്‍ വ്യാപിക്കണമെന്നും സംഘം നിര്‍ദേശിച്ചു.

തെരച്ചില്‍ നടക്കുന്ന സ്ഥലത്തിനു വടക്ക് 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എവിടെയെങ്കിലും വിമാന അവശിഷ്ടം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ പറയുന്നു. ലഭ്യമായ തെളിവുകള്‍ പ്രകാരം വിമാനത്തെ അവസാനമായി കണ്ടത് ഇവിടെയാണ്. സാറ്റലൈറ്റ് വിവരങ്ങളുടെയും ആഫ്രിക്കന്‍ തീരത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 2014ല്‍ കാണാതായ എംഎച്ച് 370 വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമടക്കം 239 പേരുണ്ടായിരുന്നു.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്ന തെരച്ചില്‍ 2017 ജനുവരിയിലോ ഫെബ്രുവരിയിലോ നിര്‍ത്താനാണ് അന്താരാഷ്ട്ര സംഘത്തിന്റെ തീരുമാനം. നിശ്ചിത തിയ്യതിക്കപ്പുറം തെരച്ചില്‍ മുന്നോട്ടുപോകില്ലെന്ന് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി ഡാരന്‍ ചെസ്റ്റര്‍ പറഞ്ഞു. വിമാനത്തെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ നിര്‍ത്താനാണ് ഓസ്‌ട്രേലിയ, മലേഷ്യ, ചൈനീസ് ഭരണകൂടങ്ങളുടെയും തീരുമാനം. തെരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ ചെലവ് വഹിക്കുന്നത് ഈ മൂന്ന് രാജ്യങ്ങളാണ്.