വാഷിങ്ടണ്‍: ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യപരിരക്ഷാ പദ്ധതി പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് സെനറ്റില്‍ തിരിച്ചടി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പദ്ധതിക്കു പകരം പുതിയതുകൊണ്ടുവരാതെ നിയമം പിന്‍വലിക്കാനുള്ള ബില്‍ 45നെതിരെ 55 വോട്ടുകള്‍ക്ക് യു.എസ് സെനറ്റ് തള്ളി.
ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കൊപ്പം ഏഴ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. കെന്റുകിയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളാണ് ബില്‍ അവതരിപ്പിച്ചത്.
ഒബാമ കെയര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് ബില്ലില്‍ ഒപ്പുവെക്കാന്‍ അതീവ താല്‍പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. ട്രംപിന്റെ പരിഗണനക്കു വരുന്നതിനുമുമ്പ് തന്നെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്‍ സെനറ്റില്‍ പരാജയപ്പെടുത്തി. 2015ല്‍ യു.എസ് സെനറ്റിന്റെ അംഗീകാരത്തോടെ സമാനമായ മറ്റൊരു ബില്‍ വൈറ്റ്ഹൗസിലേക്ക് അയച്ചുകൊടുത്തിരുന്നെങ്കിലും ഒബാമ വീറ്റോ ചെയ്യുകയായിരുന്നു. ഒമാബകെയറിന് പകരം സംവിധാനം കൊണ്ടുവരാതെ ആരോഗ്യപരിരക്ഷാ പദ്ധതി പിന്‍വലിക്കുന്നത് മൂന്നു കോടിയിലേറെ അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് യു.എസ് കോണ്‍ഗ്രസിന്റെ ബജറ്റ് ഓഫീസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
ഇതാണ് റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ ചിലര്‍ ബില്ലിനെ എതിര്‍ക്കാന്‍ കാരണം. പ്രശ്‌ന ത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രണ്ടു തട്ടിലാണ്.