തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരെ കണ്ടെത്തുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കാട്ടുന്ന അനാസ്ഥക്കെതിരേ ലത്തീന്‍ അതിരൂപത കോടതിയിലേക്ക്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് സഭയുടെ തീരുമാനം. കടലില്‍പോയി തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന ആവശ്യവും കോടതിയില്‍ സഭ ഉന്നയിക്കും. കാണാതായ മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് ശേഖരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരയിലെത്തിക്കുകയെന്നതാണ്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതില്‍ അലംഭാവം കാട്ടുന്നു. കാണാതായവരുടെ കണക്കില്‍പ്പോലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സഭ വ്യക്തമാക്കുന്നു.
അതേസമയം, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഉള്‍ക്കടലില്‍ തുടരുകയാണ്. കൊച്ചിക്കും ലക്ഷദ്വീപിനും ഇടയിലെ കടലിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുന്നത്. ഇന്നലത്തെ തെരച്ചിലില്‍ മൃതദേഹങ്ങളോ തകര്‍ന്ന ബോട്ടുകളുടേയോ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്നുമാത്രം 242 മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്. എന്നാല്‍ സര്‍ക്കാര്‍ കണക്കുപ്രകാരം കാണാതായത് 146 പേരാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് പഥമ വിവര റിപ്പോര്‍ട്ട് തയാറാക്കി കേസെടുത്തിരിക്കുന്നത്. അല്ലാതെ 34 പേരുടെ പട്ടികയും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ കണക്കനുസരിച്ച് 105 പേരെയാണ് കാണാതായിരിക്കുന്നത്.