കബാലി ഗംഭീര വിജയമാക്കിയ പ്രിയപ്പെട്ട ആരാധകര്‍ക്ക് നന്ദി അറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്വന്തം കൈപ്പടയിലുള്ള കത്തിലൂടെയാണ് തലൈവര്‍ നന്ദി അറിയിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് കബാലിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പുറത്തുവിട്ടിട്ടുണ്ട്.

തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണക്കാരായ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഇന്ത്യയിലും മലേഷ്യയിലും നടന്ന നീണ്ട നാളത്തെ പ്രയത്‌നത്തിന് ശേഷമാണ് കബാലി പുറത്തുവന്നത്. അതുകൊണ്ട് തന്നെയാണ് ഞാന്‍ വിശ്രമത്തിനും ചികിത്സക്കുമായി മകള്‍ ഐശ്വര്യക്കൊപ്പം അമേരിക്കയിലേക്ക് യാത്ര പോയത്. ഇപ്പോള്‍ കബാലിയുടെ വിജയം നേരിട്ട് കാണാന്‍ താന്‍ നാട്ടിലേക്ക് തിരിച്ചു വന്നിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

ആരാധകര്‍ക്ക് പുറമെ സിനിമയുടെ നിര്‍മാതാവ് കലൈപ്പുലി എസ് താണുവിനും സംവിധായകന്‍ പാ രഞ്ജിത്തിനും കൂടെ അഭിനയിച്ചവര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റെല്ലാവര്‍ക്കും കത്തിലൂടെ രജനി നന്ദി അറിയിച്ചിട്ടുണ്ട്.