മൂന്നുദിവസായി ബാലേട്ടന്‍ വലിയ അലച്ചിലിലാണ്. കഷായം വാങ്ങണം. മുടി വെട്ടിക്കണം. പച്ചക്കറിക്കടയില്‍ പോകണം. മീന്‍ വാങ്ങണം. അങ്ങനെ ഇത്യാദി കാര്യങ്ങളെക്കുറിച്ച് തല പുകച്ചിരിക്കുമ്പോഴാണ് പത്‌നി വിശാലാക്ഷി വന്ന് കാര്യം ഉപദേശിച്ചത്.
അല്ല മനുഷ്യാ. ങ്ങക്ക് പോയി വല്ല ബാങ്കിലും വരി നിന്ന് ആ പൈസ മാറ്റിക്കൂടേന്ന് ?
അല്ല വിശാലം നീ എന്താണിപ്പറേണത്. അവിടെ പൂഴിയിട്ടാല്‍ വീഴാത്ത ജനോണ്. എങ്ങനെയാ അങ്ങോട്ടൊന്ന് കടക്ക്വാ.. തിരക്കൊക്കെ ഒന്ന് കൊറയട്ടെ.
തിരക്കൊഴിയാന്‍ കാത്തിരുന്നാലേ ങ്ങടെ നോട്ടുകെട്ടിന് പുല്ലിന്റെ വെല പോലൂണ്ടാവൂല്ല. പറഞ്ഞില്ലാന്ന് വേണ്ട.
അദ്ദേഹം ആലോചിച്ചു. ശരിയാണ്..
ശരി. നീ ഒരു കാര്യം ചെയ്യ്. ആ പൈസ ഇങ്ങടെടുക്ക്. ഏതായാലും ഒന്ന് പോയി നോക്കട്ടെ.
വിശാലാക്ഷി അലമാരയില്‍ നിന്ന് പഴയ അഞ്ഞൂറിന്റെ എട്ട് നോട്ടുകളെടുത്ത് കൊണ്ടുവന്ന് ഭര്‍ത്താവിന്റെ മുന്നിലേത്ത് നീട്ടി. അദ്ദേഹം കൈ നീട്ടി വാങ്ങി കണ്ണട ശരിയാക്കി. സൂക്ഷ്മമായി പണം എണ്ണാന്‍ തുടങ്ങി.
പിന്നെ ആശ്ചര്യത്തോടെ ..
അല്ല വിശാലം..ഇതെന്താ അഞ്ഞൂറിന്റെ എട്ട് നോട്ട്. ഇതെവിടുന്നാ.?
അത് ഇങ്ങടെ അലമാരീന്നെന്നെ മനുഷ്യാ..
അല്ല നീ വെറുതെ പറയാതെ. അയിന് നമുക്ക് മൂവായിരല്ലേ പെന്‍ഷന്‍ കിട്ടീത്. അതിലെ ആയിരോല്ലേ എട്ടാം തീതി അങ്ങാടീ കൊടുത്തത് ..ബാക്കി രണ്ടായിരോല്ലേ കാണൂ.
വിശാലാക്ഷി ചേച്ചി അമ്പരന്നു. ഈ മനുഷ്യന് എന്തൊരു ഓര്‍മ ശക്തിയാ..
ശരീന്നെ. എന്നാ ബാക്കി ന്റെ കയ്യിലിരുന്നതാ..
ങേ.. അന്റെ കയ്യിലോ..
അതേ എന്റെ കയ്യില്.
അപ്പോ അന്നോട് മുമ്പെത്ര തവണ ചോദിച്ചു. വല്ല കാശും കയ്യിലുണ്ടോന്ന്. മുമ്പ് അഞ്ഞൂറിന്റെ നോട്ടുകള്‍ കാണാതായത് ഇതാണല്ലേ..
അതേന്ന് തന്നെ വെച്ചോളീ. പക്ഷേങ്കില് നമ്മ മോട്ടിച്ചതൊന്നൂല്ല. മ്മടെ മോള് വലുതായി വരൂല്ലേന്ന് കരുതി മാറ്റിവെച്ചതാ..
ഓ അത് പറ. ഇനക്ക് ഈ പൈസ കൊണ്ട് ഇപ്പ കാര്യാല്ലന്നായി ല്ലേ. ശരി ഇങ്ങട്ട് താ.
അദ്ദേഹം ആ എട്ടഞ്ഞൂറിനെയും വാങ്ങി മോദിയുടെ കള്ളപ്പണക്കഷായം കുടിക്കാനായി പടപടയ്ക്കുന്ന ഗാന്ധി നോട്ടുകള്‍ പ്രതീക്ഷിച്ച് അടുത്തുള്ള ബാങ്കിലേക്ക് നടന്നു.
ഹേയ് ..കള്ളപ്പണം പിടിച്ചേ… ! ബാലേട്ടന്‍ ആഹ്ലാദം കൊണ്ട് സ്വരമുയര്‍ത്തിപ്പറഞ്ഞു.