കള്ളപ്പണക്കാരെ പിടികൂടാനെന്ന പേരില്‍ രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചിട്ട് ഇന്നേക്ക് 11 ദിവസം പിന്നിട്ടു. എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ വരിനിന്ന് അമ്പതിലധികം പേരാണ് ഇതിനകം മരണപ്പെട്ടത്. കള്ളപ്പണക്കാരെയെല്ലാം നേരത്തെ അറിയിച്ച ശേഷം നടത്തിയ പ്രഹസനമാണ് നോട്ട് നിരോധനമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുന്നയിക്കുകയും ചെയ്യുന്നു.

അതിനിടെ ഇപ്പോഴിതാ കള്ളപ്പണക്കാരെ ആശ്വസിപ്പിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മന്ത്രിയുടെ വിഡിയോ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കള്ളപ്പണമുള്ളവര്‍ വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി നിങ്ങളോട് കൂടെയുണ്ടെന്നുമാണ് മന്ത്രിയുടെ വാക്കുകള്‍. ഹരിയാന സ്റ്റേറ്റ് കാര്യ മന്ത്രി മനീഷ് ഗ്രോവറാണ് വിഡിയോയില്‍.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും കള്ളപ്പണക്കാരോടൊപ്പമുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്.