Connect with us

Video Stories

കള്ളപ്പണവേട്ടയുടെ ഇര സാധാരണക്കാരോ

Published

on

അറുനൂറ്, ആയിരം കറന്‍സി നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഇരകള്‍ കള്ളപ്പണക്കാരോ രാജ്യത്തെ സാധാരണക്കാരോ ? ഇങ്ങനെ തോന്നിപ്പിക്കുന്ന വിധമാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലും സാമാന്യ ജനം കയ്യിലുള്ള നക്കാപിച്ച കാശ് വെച്ചുമാറാനായി നെട്ടോട്ടമോടുന്നത്. തൊഴില്‍ ചെയ്തു കിട്ടിയ ദിവസക്കൂലിയില്‍ നിന്ന് ഭക്ഷണത്തിനും ആസ്പത്രിക്കും മറ്റും ചെലവഴിക്കാന്‍ വെച്ച പണമാണ് പൊടുന്നനെ കടലാസിന് തുല്യമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ പ്രധാനമന്ത്രി രാഷ്ട്രത്തോട് നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം കേട്ടതു മുതല്‍ കയ്യിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി അലയുകയാണിപ്പോള്‍ ജനം. ഇവരാരും കള്ളപ്പണക്കാരോ അഴിമതിക്കാരോ അല്ല. അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണ് ഇപ്പോള്‍ അവരുടെ സ്വന്തം പണം പോലും തൃണ തുല്യമാക്കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ഇന്നലെ എ.ടി.എം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും പലതിലും പണമില്ലായിരുന്നു. ഉള്ളതിലാകട്ടെ പെട്ടെന്ന് തീരുകയും ചെയ്തു. ഇതോടെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലായിരിക്കുകയാണ് ശരാശരി ജനത. വ്യാപാര വ്യവസായ മേഖലയിലെ മുരടിപ്പു മൂലമുണ്ടാകുന്ന നഷ്ടം വേറെയും. ഓഹരി വിപണി ഇടിയുകയും രൂപയുടെ വില തകരുകയും ചെയ്തു. മരണങ്ങളും ക്രമസമാധാനപ്രശ്‌നങ്ങളും വേറെ.

അടച്ചിട്ട ഒരുനാള്‍ പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ ബാങ്കുകളിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ലെന്നാണ് വ്യാഴാഴ്ചത്തെ അനുഭവം. പോളിങ് ബൂത്തിനെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു മിക്ക ബാങ്കുകള്‍ക്കുമുന്നില്‍ ഇന്നലെയും. ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നെങ്കിലും ആവശ്യത്തിന് പണമില്ലാതെ വൈകീട്ടു വരെ ക്യൂ നിന്ന ശേഷം പലര്‍ക്കും വെറും കയ്യോടെ മടങ്ങേണ്ടിവന്നു. സ്ത്രീകളും പ്രായമായവരും നോട്ടുകളുമായി വെയിലത്ത് ക്യൂ നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം ആളെ കുറക്കാനായി ചില ബാങ്കുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് തന്നെ വേണമെന്ന് പറഞ്ഞ് ഇറക്കി വിടപ്പെട്ടവരുമുണ്ട്. നീറോ ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുകയാണ് ജപ്പാനിലുള്ള പ്രധാനമന്ത്രിയെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്ന് സ്വയം ആശ്വസിക്കുകയാണ് മന്ത്രി വെങ്കയ്യ നായിഡു. അഞ്ഞൂറ് പോയി രണ്ടായിരം വന്നാല്‍ മാറാന്‍ എന്താ മാജിക്കാണോ കള്ളപ്പണം. അര്‍ഥ വ്യവസ്ഥിതിയെ വിഴുങ്ങുന്ന വ്യാളിയായ കള്ളപ്പണത്തിനും അഴിമതിക്കും വ്യാജ നോട്ടുകള്‍ക്കും പൊതു ജനം എതിരല്ല. എന്നാല്‍ ഇന്ത്യക്കാരുടെ എണ്‍പതു ലക്ഷം കോടി രൂപയുടെ കള്ളപ്പണത്തില്‍ 50 ലക്ഷം കോടിയും രാജ്യത്തിനു പുറത്തെ സ്വിസ് ബാങ്ക് പോലുള്ള വ്യാജ അക്കൗണ്ടുകളിലാണെന്ന് 2011ല്‍ ഇപ്പോഴത്തെ ഭരണകക്ഷി തന്നെയാണ് വിളിച്ചു പറഞ്ഞത്. ആ മഞ്ഞുമലയുടെ അരികില്‍ തൊടാന്‍ പോലും കഴിഞ്ഞില്ലെന്നതിന്റെ തെളിവാണ് ആദായ നികുതി വകുപ്പിന് നാലു മാസം കൊണ്ട് കിട്ടിയ വെറും 65,250 കോടി.

രാജ്യത്ത് പ്രചാരത്തിലുള്ള എണ്‍പതു ശതമാനം കറന്‍സിയും നോട്ടുകളായാണ് ഉപയോഗിക്കുന്നത്. ലക്ഷങ്ങളുടെ എ.ടി.എം തട്ടിപ്പിന് അകമ്പടിയായാണ് ഈ പൊല്ലാപ്പു കൂടി ജനത്തിന്റെ തലയില്‍ വീണിരിക്കുന്നത്. തൊഴിലും കച്ചവടവും ഉപേക്ഷിച്ച് കയ്യിലുള്ള നോട്ടുകള്‍ മാറാന്‍ ചെന്നവര്‍ക്ക് ഇരുട്ടടിയാണ് ഇപ്പോഴനുഭവപ്പെടുന്നത്. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സ്വകാര്യ ആസ്പത്രികള്‍, അനാഥ ശാലകള്‍, ട്രെയിന്‍ യാത്രക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവരൊക്കെ അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിന് ചെന്ന മലയാളി താരങ്ങള്‍ക്കു വരെ പട്ടിണിയായിരുന്നു ഫലം. പണി ചെയ്തിട്ടും കൂലി കിട്ടാത്തവരും ഒട്ടേറെ. ബാങ്ക് ജീവനക്കാര്‍ അക്ഷീണം യത്‌നിച്ചിട്ടും അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ് കാര്യങ്ങള്‍. തയ്യാറെടുപ്പ് പോരെന്നതിന്റെ സൂചനയാണ് സഹകരണ മേഖല. അഞ്ഞൂറിന് പകരം ആയിരം കിട്ടിയ പലരും അതു മാറാനാവാതെയും വലയുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും തലശേരിയിലും ബാങ്കുകള്‍ക്കു മുന്നില്‍ അടിപിടിയും കുഴഞ്ഞു വീഴലും മരണങ്ങളും വരെ ഉണ്ടായി. അധികാരത്തിന്റെ അന്ത:പുരങ്ങളിലിരിക്കുന്നവര്‍ക്ക് സാധാരണക്കാരന്റെ പൊറുതികേട് കാണാന്‍ കഴിയില്ലെന്നതിന്റെ ഉത്തമോദാഹരണമാണിതെല്ലാം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞതുപോലെ ഒരു കള്ളപ്പണക്കാരനെയും ഈ ക്യൂവില്‍ കണ്ടില്ല.

പൊടുന്നനെ പണം പിന്‍വലിച്ചാല്‍ മാത്രമേ കള്ളപ്പണക്കാര്‍ക്ക് അതുപയോഗിക്കാന്‍ കഴിയാതെ വരൂ എന്ന ന്യായം സമ്മതിച്ചാലും ബാങ്കുകളില്‍ ആവശ്യത്തിന് പണമെത്തിച്ചില്ല എന്നത് സര്‍ക്കാര്‍ നടപടിയിലെ അനവധാനതയാണ് വെളിച്ചത്താക്കുന്നത്. ഏറെ രഹസ്യമായാണ് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യവകുപ്പും മൂല്യ നിരാസ നടപടി തീരുമാനിച്ചതത്രെ. എന്നാല്‍ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം എങ്ങനെ ദിവസങ്ങള്‍ക്കുമുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റിലയന്‍സ് കമ്പനിയുടെ മുന്‍ മേധാവിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഏതാനും ദിവസം മുമ്പ് മാത്രമാണ് റിലയന്‍സിന് പതിനായിരം കോടി രൂപ പിഴയിട്ടത്. ഇവരുടെ പക്കലുള്ള കള്ളപ്പണം വെളുപ്പിക്കാനായിരുന്നോ ഇതെന്ന് സംശയിക്കുന്നവരുണ്ട്. മോദിയുടെ ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണവാര്‍ത്തകള്‍ വരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടന്‍ കിട്ടിയ മൂന്നു മണിക്കൂറുകള്‍ക്കുള്ളില്‍ എത്ര കോടികള്‍ കൈമാറി എന്നതിന് ഉത്തരമില്ല. വിമാന ടിക്കറ്റ് വന്‍തോതില്‍ വിറ്റഴിഞ്ഞത് ഒരു സൂചനയാണ്.

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കണമെങ്കില്‍ ആദ്യം വേണ്ടത് അവയുടെ സ്രോതസ്സ് കണ്ടെത്തുകയെന്നതാണ്. ഇതിന് ഇന്നും നടപടിയില്ല. ചെലവഴിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിട്ടുള്ള തുകയുടെ എത്രയിരട്ടിയാണ് തെരഞ്ഞെടുപ്പുകളില്‍ ചെലവഴിക്കപ്പെടുന്നത്. ബി.ജെ.പിക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമോ. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കള്ളപ്പണം ചെലവഴിക്കില്ലെന്ന് പറയാന്‍ പ്രധാനമന്ത്രിയും അമിത്ഷായും തയ്യാറാണ്ടോ. ഇതിനൊക്കെ തൃപ്തികരമായ മറുപടി പറഞ്ഞിട്ട് മതി പൊതു ജനത്തെക്കൊണ്ട് ‘മോദികഷായം’ കുടിപ്പിക്കല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത് കോടികള്‍; കാരുണ്യ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു

42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി

Published

on

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു. കുടിശികയായി സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്‍ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്‍ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഒക്ടോബര്‍ 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.

350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്‍ 104 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്‌ബോര്‍ ഒന്ന് മുതല്‍ പിന്മാറാന്‍ കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു.

മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്‍ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോര്‍ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്‍ നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പിന്മാറാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തിരമായി 104 കോടി അനുവദിച്ചത്.

പക്ഷെ, കുടിശ്ശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.

Continue Reading

crime

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐ നേതാവ് 5 തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

Published

on

പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഞ്ചുവട്ടം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. പെരിങ്ങനാട് ലോക്കല്‍ സെക്രട്ടറി അഖിലും കള്ളവോട്ട് ചെയ്‌തെന്നും പൊലീസിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശ ഇതിനുണ്ടായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വ്യാപക ക്രമക്കേടിനെതിരെ ഡി.സി.സി ഹൈക്കോടതിയെ സമീപിക്കും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എസ്.അമല്‍ അഞ്ചുതവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിലെ 22 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് മാത്രമാണ് വോട്ടവകാശം ഉള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലും അഖില്‍ പെരിങ്ങനാട് സജീവമായി ഉണ്ടായിരുന്നു. ദൃശ്യങ്ങളില്‍ വന്നതിന്റെ ഇരട്ടി കള്ളവോട്ടുകള്‍ നടന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അടൂര്‍, തിരുവല്ല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകരെ എത്തിച്ച് വോട്ടുചെയ്യിച്ചുവെന്നതാണ് മറ്റൊരു ആരോപണം. സഹകരണ ബാങ്ക് ഭരണം പക്ഷേ യു.ഡി.എഫ് നിലനിര്‍ത്തി. അടുത്തമാസം പതിനാലിന് നടക്കുന്ന കാര്‍ഷിക വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ ഹൈക്കോടതി നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാകും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു നടന്ന മാര്‍ത്തോമാ സ്‌കൂളില്‍ തന്നെയാണ് കാര്‍ഷിക ബാങ്ക് തിരഞ്ഞെടുപ്പും നടക്കുക

 

Continue Reading

kerala

കേന്ദ്രത്തിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രി പിണറായിക്ക് മടിയെന്ന് സിപിഐ

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .

Published

on

കേന്ദ്രസർക്കാരിനെതിരെ നാവനക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടിയാണെന്ന് സിപിഐ. സർക്കാർ കാര്യക്ഷമല്ല . സാധാരണക്കാരുടെ പണം സഹകരണ ബാങ്കുകൾ വഴി കൊള്ളയടിച്ചത് ശരിയല്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിക്കേണ്ട തുകയിൽ വെട്ടിക്കുറവ് വരുത്തിയിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

സിപിഐയുടെ കൃഷി, ഭക്ഷ്യ വകുപ്പുകൾക്ക് മതിയായ തുക അനുവദിക്കുന്നില്ല. സർക്കാരിൻറെ ധൂർത്തിന് പണം ചെലവാക്കുന്നു .ഇങ്ങനെ പോയാൽ ജന സദസ്സ് നടത്തിയത് കൊണ്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തുറന്നടിച്ചു .
സർക്കാരിനെതിരെ ഘടകകക്ഷി തന്നെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമാണ്.

കേന്ദ്രസർക്കാരിനെതിരെ സമരം നടത്താൻ എന്തുകൊണ്ട് സിപിഎം തയ്യാറാവുന്നില്ല. സഹകരണ മേഖലയുടെ തട്ടിപ്പ് തുടർക്കഥയാണ് .നിക്ഷേപകർക്ക് ഉടൻതന്നെ പണം നൽകണം. മതിയായ തുക അനുവദിക്കാത്തതിനാൽ സിപിഐയുടെ വകുപ്പുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ഇന്ന് നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നു.

Continue Reading

Trending