ഖലീഫാ ഉമര്‍(റ) നഗരത്തിലൂടെ റോന്തുചുറ്റുകയാണ്. പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വഴിയരികില്‍ ഇരിക്കുന്ന ഒരാളില്‍ ചെന്നുടക്കി. വഴിയരികില്‍ ഇരുന്ന് യാചിക്കുകയാണ് ഒരു വൃദ്ധന്‍. അടുത്തു ചെന്ന് നോക്കുമ്പോള്‍ അതൊരു ജൂതനാണ്. ഖലീഫയുടെ തീ പാറുന്ന കണ്ണിന്‍ മുമ്പില്‍ വൃദ്ധന്‍ വിറച്ചുനിന്നു. അയാള്‍ക്കറിയാം, താന്‍ ചെയ്യുന്നത് തെറ്റാണെന്ന്. മദീനയില്‍ ഭിക്ഷാടനം നിരോധിക്കപ്പെട്ട കാര്യമാണ്. അന്നത്തിനു വകയില്ലാത്തവര്‍ക്കെല്ലാം അതെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉമര്‍(റ)വിന്റെ ഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിലും സമൂഹം മാന്യമാണെങ്കില്‍ ആ സമൂഹത്തില്‍ യാചന വേണ്ടിവരില്ല. യാചന മനുഷ്യത്വത്തിന്റെ വില കളയുന്നു. അതിനാല്‍ അതു നിരോധിക്കപ്പെട്ടിരിക്കുകയാണ് ഖലീഫാ ഉമറിന്റെ നാട്ടില്‍.

പക്ഷെ നിവൃത്തികേടുകൊണ്ടാണ് ഈ വൃദ്ധന്‍ തെണ്ടാനിറങ്ങിയിരിക്കുന്നത്. അതദ്ദേഹം ഉമര്‍(റ)വിനോട് പറഞ്ഞു: ‘ഖലീഫാ, ജിസ്‌യ ഒടുക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ്..’. അതുകേട്ടതും ഉമര്‍(റ) വിന്റെ തല താണു. വേദനയുള്ള ഒരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിലേക്ക് അടിച്ചുകയറി. മുസ്‌ലിംകളല്ലാത്തവര്‍ ജിസ്‌യ ഒടുക്കണം. അത് അവരുടെ ശരീരവും സ്വത്തും സംരക്ഷിക്കുന്നതിനു പകരമെന്നോണമാണ്. നിര്‍ബന്ധ സൈനിക സേവനമടക്കം പലതില്‍ നിന്നും അതുകൊണ്ടു തന്നെ അവര്‍ക്ക് ഒഴിവുമുണ്ട്. അതിനേക്കാളേറെ അത് ഭരണാധികാരിയോടും ഭരണകൂടത്തോടുമുള്ള വിധേയത്വം സ്ഥാപിക്കുന്ന ഘടകവുമാണ്. ആ ജിസ്‌യ അടക്കാന്‍ വേണ്ടി മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ തെണ്ടാനിറങ്ങിയിരിക്കുകയാണ് വൃദ്ധന്‍. വേദനയും വിഷമവും തോന്നി ഖലീഫാ ഉമറി(റ)ന്. അപ്പോള്‍ അവിടെനിന്ന് നടന്നുപോയ ഉമര്‍(റ) അധികം വൈകാതെ ഒരു തീരുമാനമെടുത്തു. വൃദ്ധ ജനങ്ങള്‍ ജിസ്‌യ അടക്കേണ്ടതില്ല എന്നായിരുന്നു അത്. ജിസ്‌യ എന്നതിന്റെ സാംഗത്യങ്ങളൊക്കെ ഉണ്ടെങ്കിലും ഭരണീയരുടെ കഷ്ടപ്പാടുകള്‍ പ്രധാനമാണെന്നും അതു ഏതു വിധേനയും പരിഹരിക്കപ്പെടേണ്ടതാണെന്നും ഖലീഫാ ഉമറിനെ തന്റെ നീതി ബോധം ഉപദേശിക്കുകയായിരുന്നു. ഒരു ജൂത വൃദ്ധനുവേണ്ടി രാജ്യത്തിന്റെ നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഖലീഫാ ഉമറില്‍ ലോകം കാണുന്നതും കേള്‍ക്കുന്നതും ഭരണീയരെ കഷ്ടപ്പെടുത്താത്ത ഒരു ഉത്തമ ഭരണാധികാരിയെയാണ്.

ഭരണാധികാരം ദൈവ ദത്തമായി ലഭിക്കുന്ന ഒരു അമാനത്താണ്. അത് ഭരണീയരുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി നിര്‍വഹിക്കപ്പെടേണ്ടതാണ്. അങ്ങനെ നിര്‍വഹിക്കുമ്പോള്‍ നാട്ടില്‍ ഐശ്വര്യമുണ്ടാകും. കാരണം ജനങ്ങളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. സന്തോഷവും സംതൃപ്തിയും നിലനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ഐശ്വര്യം. എപ്പോഴും വിലാപങ്ങളും പരാതികളും മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ഒരിടത്തും ഐശ്വര്യമുണ്ടാവില്ല. ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് അധികാരങ്ങള്‍ കയ്യാളുന്ന ഏതൊരാളും നീതിമാനായിരിക്കണം എന്ന് ഇസ്‌ലാം പറയുന്നത്. നീതിമാനായ ഭരണാധികാരിക്ക് മഹ്ശറയില്‍ അര്‍ശ് എന്ന സിംഹാസനത്തിന്റെ തണല്‍ ലഭിക്കും എന്ന് ബുഖാരി, മുസ്‌ലിം എന്നിവര്‍ നിവേദനം ചെയ്യുന്ന ഹദീസില്‍ വന്നിട്ടുണ്ട്. അത്തരം ഭരണാധികാരികള്‍ അന്ത്യനാളില്‍ പ്രകാശത്തിന്റെ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായിരിക്കും എന്നും ഹദീസില്‍ വന്നിട്ടുണ്ട്. അന്ത്യനാളില്‍ അല്ലാഹുവിന്റെ ഇഷ്ടത്തിനും സാമീപ്യത്തിനും വിധേയരാകുന്നവര്‍ നീതിമാനായ ഭരണാധികാരികളായിരിക്കും എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിലും വന്നിട്ടുണ്ട്.

എന്നാല്‍ ഭരണാധികാരി അക്രമിയും അനീതിമാനും അസഹിഷ്ണുവും ആയാല്‍ അത് വലിയ സാമൂഹ്യ ദുരന്തമായി ഭവിക്കും. അത്തരക്കാരുടെ ഭരണം വഴി നാട് അസംതൃപ്തിയിലേക്കും അതുവഴി കലാപങ്ങളിലേക്കും എത്തിപ്പെടും. അവയുണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ തലമുറകളോളം നീണ്ടു നില്‍ക്കും. സ്വഭാവ ശുദ്ധിയുടെ അഭാവമായിരിക്കും ഇത്തരം ഭരണാധികാരികളെ സൃഷ്ടിക്കുക. പിടിവാശി, പക്ഷപാതിത്വം, സ്വജനപക്ഷപാതം, വിഭാഗീയ താല്‍പര്യങ്ങള്‍, സ്വാര്‍ഥത തുടങ്ങി പല സ്വഭാവങ്ങളും ഇത്തരക്കാര്‍ക്കുണ്ടാകും. ഈ സ്വഭാവങ്ങളുടെയെല്ലാം ഒരു പ്രത്യേകത, അവ ഒരുതരം ഏറ്റുമുട്ടലിന്റെയും വാശിതീര്‍ക്കലിന്റെയും വികാരം ഭരണം കയ്യാളുന്നവനില്‍ ഉണ്ടാക്കും എന്നതാണ്. അക്കാര്യത്തില്‍ ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാല്‍ പോലും അയാള്‍ കുരച്ചുചാടുകയായിരിക്കും ചെയ്യുക. അതിനാല്‍ അത്തരക്കാരുടെ ഭരണം ഒരു നന്മയും കാണിക്കില്ല എന്നു മാത്രമല്ല ആകെ നാശമാക്കുന്നതിലേ അതു കലാശിക്കൂ.

അക്രമിയായ ഭരണാധികാരിയെ തിരുവചനങ്ങള്‍ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. അബൂ യഅ്‌ലാ മഅ്ഖല്‍ ബിന്‍ യസാര്‍(റ)ല്‍ നിന്നുദ്ധരിക്കുന്ന ഹദീസില്‍ നബി (സ) പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി എന്നു പറയുന്നുണ്ട്. നബി (സ) പറഞ്ഞു: ‘ഒരാള്‍ക്ക് അല്ലാഹു ഒരു അധികാര സ്ഥാനം നല്‍കുകയും എന്നിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് അയാള്‍ മരിക്കാന്‍ ഇടയാവുകയും ചെയ്താല്‍ അല്ലാഹു സ്വര്‍ഗം അവനു ഹറാമാക്കും’ (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസ് അല്‍പം കൂടി വിശദമായി ഇക്കാര്യം പറയുന്നുണ്ട്. നബി(സ) പറഞ്ഞു: ‘നിങ്ങളുടെ ഭരണാധികാരികളില്‍ ഉത്തമന്‍മാര്‍ നിങ്ങള്‍ അവരേയും അവര്‍ നിങ്ങളേയും ഇഷ്ടപ്പെടുന്നവരും നിങ്ങള്‍ അവര്‍ക്കു വേണ്ടിയും അവര്‍ നിങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നവരും ആണ്. നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും മോശമായവര്‍ നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും കോപിക്കുന്നവരും നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും ശപിക്കുന്നവരുമാണ്’ (മുസ്‌ലിം). ഭരണാധികാരികളും ഭരണീയരും തമ്മിലുണ്ടാവേണ്ട ഹൃദയപരമായ ബന്ധമാണ് ഈ ഹദീസ് പറഞ്ഞുതരുന്നത്. അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരും അവനില്‍ നിന്നും വിദൂരസ്ഥരായവരും അക്രമിയായ ഭരണാധികാരിയാണ് എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്.

ഉദ്ധൃത പഠനത്തില്‍ ഭരണാധികാരി എന്നതിന്റെ വിവക്ഷ വിശാലമാണ്. ഒരു രാജ്യമാകുമ്പോള്‍ അത് രാജ്യം ഭരിക്കുന്നയാളായിരിക്കും. എന്നാല്‍ അതൊരു സമുദായമാകുമ്പോള്‍ അതിലെ ഉത്തരവാദപ്പെട്ടവരും കുടുംബമാവുമ്പോള്‍ കാരണവന്‍മാരും വീടാകുമ്പോള്‍ ഗൃഹനാഥന്‍മാരും സ്ഥാപനമാകുമ്പോള്‍ സ്ഥാപന മേധാവികളും എല്ലാമായി മാറും. ഒരു പ്രത്യേക വിഭാഗത്തിന്റെ കാര്യങ്ങള്‍ പൊതുവായി കയ്യാളുന്ന ആള്‍ എന്നതാണ് ഭരണാധികാരി എന്നതിന്റെ നിര്‍വചനം. ഇത്തരത്തില്‍ നിര്‍വചിക്കപ്പെടുമ്പോള്‍ മാത്രമേ അധികാരം സമൂഹത്തെ ആകെ ഗ്രസിക്കുന്ന ഒന്നായി മാറൂ.

നീതിയുടെ നിദര്‍ശനങ്ങളായ ഭരണാധികാരികളുടെ പുകള്‍ ഏറെ പറയാനുള്ളത് ഇസ്‌ലാമിനാണ്. ഇസ്‌ലാം എന്ന വികാരം അവരില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇതിനു കാരണം. എല്ലാ നാവുകളും പുകഴ്ത്തുന്ന ഖലീഫാ ഉമറും രണ്ടാം ഉമറായിരുന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസുമെല്ലാം ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ഉല്ലേഖിതരായത് അങ്ങനെയാണ്. ചരിത്രം ഏറെ താലോലിച്ച ഈ രണ്ടു ഭരണാധികാരികളും ഭരണത്തിന്റെ കാര്യക്ഷമതയും വിട്ടുവീഴ്ചയില്ലാത്ത നീതിയും ഭരണീയരുടെ സംതൃപ്തിയിലുള്ള ആത്മാര്‍ഥതയും കൊണ്ട് വേറിട്ടുനില്‍ക്കുന്നവരാണ്. സൂക്ഷ്മമായ പഠനങ്ങള്‍ ഈ രണ്ടു ഭരണാധികാരികള്‍ക്കും ചില പൊതുവായ ഗുണങ്ങളുണ്ടായിരുന്നതായി തെളിവുകളുടെ പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നുണ്ട്. പൊതുമുതലിനും തങ്ങളുടെ സമയത്തിനും അതിന്റേതായ മൂല്യം കല്‍പ്പിച്ചു, ചുവപ്പുനാടകളില്‍ വെറുതെ കുടുക്കിയിടാതെ വേണ്ട കാര്യങ്ങള്‍ അതിവേഗം ഭരണീയര്‍ക്ക് ചെയ്തുകൊടുത്തു, ചീത്ത ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും അകറ്റിനിര്‍ത്തി, സത്യമെന്നും ന്യായമെന്നും കണ്ടെത്തിയ കാര്യങ്ങള്‍ ധൈര്യസമേതം നടപ്പില്‍ വരുത്തി, വേണ്ട ചര്‍ച്ചകളിലൂടെയും പഠനങ്ങളിലൂടെയും കാര്യങ്ങള്‍ ആവിഷ്‌കരിച്ചു, പ്രതിയോഗികളോടും ശത്രുക്കളോടും വേണ്ടതുപോലെ മാന്യത പുലര്‍ത്തി എന്നിവയാണവ. ഈ ഗുണങ്ങളാണ് ഈ രണ്ടു ഭരണാധികാരികളേയും വലിയ വിജയത്തിലേക്കു നയിച്ചത്.