വിദ്യാര്‍ത്ഥി സമൂഹം നിര്‍മാണാത്മകമായിരിക്കണമെന്നും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ചില കാമ്പസുകളില്‍ നടമാടുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തിനും മതേതര സംസ്‌കാരത്തിനും ഭീഷണിയാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാമ്പസുകളെ തിന്മകളില്‍ നിന്നും മോചിപ്പിക്കാന്‍ എം.എസ്.എഫ് പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വിവേകപരമായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യാപൃതരാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എം.എസ്.എഫ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരീക്ഷകളിലും ബിരുദങ്ങളിലും അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനമല്ല ഇന്നിന്റെ ആവശ്യം. ഓരോ സമൂഹത്തിന്റെയും അസ്തിത്വം ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ള ഗുണകരമായ രീതികളാണ് ആവിഷ്‌കരിക്കേണ്ടത്്. കാമ്പസുകളെ തിന്മകളില്‍ നിന്നു മോചിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. മുന്‍കാല സമൂഹങ്ങള്‍ ബുദ്ധിജീവികളെ സൃഷ്ടിച്ചത് നേരിന്റെ മാര്‍ഗത്തിലുള്ള വിദ്യാഭ്യാസത്തിലൂടെയാണ്. മുസ്‌ലിംലീഗ് അതിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ നന്മയുടെ മാര്‍ഗമാണ് ലക്ഷ്യമാക്കുന്നതെന്നും കേവലമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക ശാക്തീകരണമാണ് വിദ്യാഭ്യാസത്തിലൂടെ മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നതെന്നും എം.എസ്.എഫ് അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നും ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. ജനാധിപത്യ മാര്‍ഗത്തിലൂടെ രാജ്യത്തെ പിന്നോക്കക്കാരുടെ അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു.

മുസ്‌ലിംലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദേശീയ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍വഹാബ് എം.പി, മുസ്‌ലിംലീഗ് തമിഴ്‌നാട് വൈസ് പ്രസിഡന്റ് എ.അബ്ദുല്‍റഹ്മാന്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, തമിഴ്‌നാട് എം.എല്‍.എ കെ.എ.എം മുഹമ്മദ് അബൂബക്കര്‍ സംസാരിച്ചു.

വൈകീട്ടു നടന്ന പ്രതിനിധി സമ്മേളനത്തില്‍ എം.എസ്.എഫ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.പി അഷ്‌റഫലി, കേരള ( പ്രസിഡന്റ്), മുഹമ്മദ് അര്‍ഷദ് തമിഴ്‌നാട് (ജനറല്‍ സെക്രട്ടറി), നൗഷാദ് മലര്‍ കര്‍ണ്ണാടക (ട്രഷറര്‍). അര്‍ഷദ് മസൂദ് മധ്യപ്രദേശ്, അഡ്വ. ഫാത്തിമ തഹ്്‌ലിയ കേരള, അഹമ്മദ് ഷാജു ഡല്‍ഹി, സിറാജുദ്ദീന്‍ ഉത്തര്‍പ്രദേശ് (വൈ. പ്രസിഡന്റ് ), ഷമീര്‍ ഇടിയാട്ടയില്‍ കേരള, എന്‍.എ കരീം കേരള, മുഹമ്മദ് അര്‍ഫാന്‍ പോണ്ടിച്ചേരി, മുഹമ്മദ്അമീന്‍ തമിഴ്‌നാട് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍.