കാവേരി നദി ജല തർക്കത്തിന്റെ ചരിത്രം അറിയാത്തവരില്ല. പക്ഷേ അതിന്റെ വർത്തമാനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ ഭീതീതമായി മാറുന്നത് നമ്മുടെ സമാധാന ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കർണാടകയും തമിഴ്‌നാടും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നത് സംബന്ധിച്ചുളള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് മദ്രാസ് പ്രസിഡൻസിയും മൈസൂർ ഭരണക്കൂടവും ഇത് സംബന്ധമായി 1892 ലും 1924 ലും ഒപ്പിട്ട കരാറുകളിൽ തുടങ്ങിയ തർക്കം പലപ്പോഴും അതിക്രമങ്ങളിലേക്ക് കടക്കുമ്പോൾ അത് ദക്ഷിണേന്ത്യയുടെ പ്രശ്‌നമായി മാറുകയാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി 1990 ൽ കാവേരി ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു. പക്ഷേ അവിടെയും പ്രശ്‌നം അവസാനിച്ചില്ല. 2007 ൽ ട്രൈബ്യുണൽ അന്തിമവിധി പ്രകാരം പ്രശ്‌ന പരിഹാരത്തിന് കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും രൂപവത്കരിക്കണമെന്ന് അന്തിമമായി നിർദ്ദേശിച്ചെങ്കിലും ഇത് രണ്ടും ഇത് വരെ നിലവിൽ വന്നിട്ടില്ല. സുപ്രീം കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത് 13 ടി.എം.സി അടി വെള്ളം കർണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ്. ഇത്രയും വെളളം വിട്ടുകൊടുത്താൽ തങ്ങളുടെ കൃഷി അവതാലളത്തിലാവുമെന്ന് പറഞ്ഞാണ് കർണാടകക്കാർ തെരുവ് യുദ്ധത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കർണാടക സ്വീകരിക്കുന്ന സമീപനം അക്രമത്തിന്റേതാണ്. രണ്ട പേർ മരിക്കുകയും നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങൾ അഗ്നികിരയാവുകയും ചെയ്തു.

കർണാടകയിലേക്ക് പോവാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം. കഴിഞ്ഞ ദിവസം ബന്ദും നടത്തി. കേരളം പോലെ കൊച്ചു സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ബക്രീദ്-ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പല കുടുംബങ്ങളും വാഹനങ്ങൾ ലഭിക്കാതെ നട്ടം തിരിഞ്ഞു. പലർക്കും അക്രമ സംഭവങ്ങളിൽ പരുക്കേറ്റു. കെ.എസ്.ആർ.ടി.സി സർവീസുകൾ പലതും നിർത്തി വെച്ചു. സുപ്രീം കോടതി നിലപാട് തങ്ങൾക്ക് പ്രതികൂലമായതിലെ പ്രകോപനം കർണാടകയിലെ ചിലർ ഈ വിധം തീർക്കുമ്പോൾ ഭരണകൂടം നിശ്ചലമായി നിൽക്കുന്നു. ജലം വിട്ടു നൽകുന്ന കാര്യത്തിൽ മുമ്പ് മുതലേ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്നാണ് കർണാടകയുടെ നിലപാട്. ഈ വിഷയത്തിൽ ഗഹന പഠനം നടത്തിയ എത്രയോ കമ്മീഷനകളും അന്വേഷണ ഏജൻസികളും രണ്ട് സംസ്ഥാനങ്ങളോടും നീതി പുലർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുളളത്. പക്ഷേ കർഷക സമൂഹത്തിന്റെ പ്രതികരണങ്ങൾ പലപ്പോഴും നിയന്ത്രണാതീതമാവുമ്പോഴാണ് കാര്യങ്ങൾ വഷളാവുന്നത്.

ഇന്ത്യയിലെ സുരക്ഷിത സംസ്ഥാനങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടാറുണ്ട് കർണാടകയെ. ഉദ്യാന നഗരമെന്ന് വിളിക്കുന്ന ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ എല്ലാ സംസ്ഥാനക്കാരും തിങ്ങിപ്പാർക്കുന്നു. വിദേശ വിനോദ സഞ്ചാരികൾ ദിവസവുമെത്തുന്ന ഇത്തരം സ്ഥലങ്ങൾ ഹർത്താലിലും അതിക്രമങ്ങളിലും അശാന്തിയുടെ കേന്ദ്രങ്ങളാവുമ്പോൾ അത് കർണാടകയെ തന്നെയായിരിക്കും ദോഷകരമായി ബാധിക്കുക എന്ന ചിന്ത പോലുമില്ലാതെയാണ് പെട്ടെന്ന് പ്രകോപിതരായി ജനം അക്രമമാർഗ്ഗം സ്വീകരിക്കുന്നത്. വാഹനങ്ങൾ കത്തിക്കുന്ന ഭീദീതമായ ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുമ്പോൾ അത് നൽകുന്ന സന്ദേശം നല്ലതല്ല. ലോകം ഒന്നടങ്കം ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ രാജ്യത്തിന്റെ സൽപ്പേരിനെയും അത് ബാധിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാവരും പ്രശ്‌നത്തിൽ ഇടപെടുകയും സംയമനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതിനാൽ സ്ഥിഗതികളിൽ നേരിയ മാറ്റം വന്നിട്ടുണ്ട്. പക്ഷേ ഈ ചെറിയ സമാധാനത്തിലും കർണാടകയിലേക്ക് യാത്ര ചെയ്യുകയെന്നത് സാഹസികമാണ്. കാരണം ഏത് സമയത്തും ജനം പ്രകോപിതരാവും. കർണാടക സർക്കാർ സമാധാനമാർഗ്ഗങ്ങളുമായി ശക്തമായി മുന്നോട്ട് പോവുക മാത്രമാണ് പോം വഴി. തമിഴ്‌നാടും ജാഗ്രത പാലിക്കണം. പക്ഷേ കാവേരി പ്രശ്‌നം എന്നുമിങ്ങനെ നീറുന്ന പ്രശ്‌നമായി തുടരുമ്പോൾ അത് അയൽ സംസ്ഥാന സൗഹൃദത്തെയാണ് ഗുരുതരമായി ബാധിക്കുന്നത്.

കർണാടകയും തമിഴ്‌നാടും ദക്ഷിണേന്ത്യയിലെ പ്രമുഖരായ സംസ്ഥാനങ്ങളാണ്. നല്ല ബന്ധമാണ് ഇവർ തമ്മിലുള്ളത്. പക്ഷേ കാവേരി പ്രശ്‌നത്തിലേക്ക് വരുമ്പോൾ പരസ്പരം ശത്രുക്കളായി മാറുന്നു. നിയമം കൈയിലെടുക്കുന്നത് ഒരു തരത്തിലും പ്രശ്‌ന പരിഹാരത്തിന് സഹായകമാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് നഷ്ടം…? പാവപ്പെട്ട ജനങ്ങളുടെ വസ്തുവകകൽ ഇല്ലാതാക്കുമ്പോൾ അവർ അനുഭവിക്കുന്ന വേദനയും യാതനകളും കാണാതിരിക്കരുത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇന്ത്യക്കാരാണ് എന്ന ചിന്ത പോലുമില്ലാതെയുളള അതിക്രമങ്ങൾ ഒന്നിനും പരിഹാരമല്ല.

കേന്ദ്ര സർക്കാരാണ് ഇവിടെ ശക്തമായി ഇടപെടേണ്ടത്. കാവേരി ട്രൈബ്യുണലിന്റെ അന്തിമ വിധി പ്രകാരമുള്ള കാവേരി വാട്ടർ മാനേജ്‌മെന്റ് ബോർഡും കാവേരി ജലനിയന്ത്രണ സമിതിയും ഉടൻ രൂപീകരിക്കണം. രണ്ട് സംസ്ഥാനങ്ങളിലെയും വിദഗ്ദ്ധർക്ക് ഈ ഘടകങ്ങളിൽ പ്രാതിനിധ്യം നൽകി പ്രശ്‌ന പരിഹാരത്തിനുളള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ കേന്ദ്രം മുൻകൈ എടുക്കണം.