ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് 500 കോടി രൂപക്കു മുകളില്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി. കിട്ടാക്കടം പെരുകുന്നതിന്റെ യഥാര്‍ത്ഥ കാരണവും പരിഹാര മാര്‍ഗങ്ങളും നാലാഴ്ചക്കകം നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

500 കോടി രൂപക്കുമുകളില്‍ വായ്പാ കുടിശ്ശിക വരുത്തിയവരുടെ പേരുവിവരങ്ങള്‍ സുപ്രീംകോടതി നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നായിരുന്നു ബാങ്കുകളുടെ നിലപാട്. തുടര്‍ന്ന് മുദ്രവച്ച കവറിലാണ് ബാങ്കുകള്‍ സുപ്രീംകോടതിക്ക് വിവരങ്ങള്‍ കൈമാറിയത്. 57 വായ്പകളിലായി 85,000 കോടി രൂപയാണ് കിട്ടാക്കടമെന്നാണ് ബാങ്കുകള്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്.

ബാങ്കുകളില്‍നിന്ന് പണം വായ്പ വാങ്ങിയ ശേഷം തിരിച്ചടക്കാത്തവര്‍ ആരാണ്. എന്തുകൊണ്ടാണ് അവര്‍ പണം വാങ്ങിയ ശേഷം തിരിച്ചടക്കാത്തത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കണം. ചില പരിഹാരങ്ങളും വേണം. അടിസ്ഥാന കാരണം കണ്ടെത്തി പ്രശ്‌നം പരിഹരിക്കണം. വായ്പാ കുടിശ്ശിക പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വായ്പ തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണല്‍, വായ്പ തിരിച്ചുപിടിക്കല്‍ അപ്പീല്‍ ട്രൈബ്യൂണല്‍ എന്നിവയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് കോടതി ആവശ്യപ്പെട്ടു.

കിട്ടാക്കടം വരുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിതര സംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരായി.