ദുബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ എത്തിച്ചത് ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. മാത്രമല്ല ടി20 ബാറ്റ്‌സ്മാന്മാരില്‍ മൂന്നാം സ്ഥാനവും മാക്‌സ്‌വല്‍ സ്വന്തമാക്കി. ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്താന്റെ ഷാഹിദ് അഫ്രീദിയേയും ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ഹസനെയും പിന്തള്ളിയാണ് മാക്‌സവല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ലങ്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരങ്ങളങ്ങിയ പരമ്പരയില്‍ 211 റണ്‍സാണ് മാക്‌സ്‌വല്‍ സ്വന്തമാക്കിയത്. ഇതില്‍ ആദ്യ മത്സരത്തില്‍ 65 പന്തില്‍ 145ഉം രണ്ടാം മത്സരത്തില്‍ 29 പന്തില്‍ 66 റണ്‍സുമാണ് അടിച്ചെടുത്തത്. പതിവില്‍ നിന്ന് വിപരീതമായി ഓപ്പണിങ്ങില്‍ എത്തിയ മാക്‌സ്വല്‍ ലങ്കന്‍ ബൗളര്‍മാരെ കശക്കിയെറിയുകയായിരുന്നു. മോശം ഫോമിനെതുടര്‍ന്ന് ഏകദിനത്തില്‍ നിന്ന് മാക്‌സ്വല്ലിനെ പുറത്തിരുത്തിയിരുന്നു.