വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത ഇന്ത്യന്‍ വംശജയായ കൗണ്‍സിലര്‍ക്ക് ഭീഷണി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ക്ഷമ സാവന്തിനോട് ഇന്ത്യയിലേക്ക് മടങ്ങിപോകാന്‍ ആവശ്യപ്പെട്ടു ഓരോ ദിവസവും ഒട്ടേറെ ഇമെയിലുകളും ഫോണ്‍കോളുകളുമാണ് പ്രവഹിക്കുന്നത്.

ട്രംപിനെതിരെ ക്ഷമ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഏറെ വിവാദമായത്. വംശീയ അജണ്ട നടപ്പാക്കാന്‍ ട്രംപിനെ അനുവദിക്കരുതെന്ന് ക്ഷമ ആവശ്യപ്പെട്ടു. അതിനായി പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ജനുവരി 20, 21 ദിവസങ്ങളില്‍ രാജ്യവ്യാപകമായി പണിമുടക്കാനും സ്ഥാനാരോഹണ വേദിയിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും ക്ഷമ ആഹ്വാനം ചെയ്തിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയൊ സോഷ്യല്‍ മീഡീയകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഭീക്ഷണി ഉയരുകയായിരുന്നു.