പൂനെ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ഡല്‍ഹി ഡൈനാമോസിന് പൂനെ വക ഷോക്ക് ട്രീറ്റ്‌മെന്റ്്. ആവേശ പോരാട്ടത്തില്‍ 4-3ന് പൂനെ ഡല്‍ഹിയെ പിറകിലാക്കി അവസാന നാലില്‍ സ്ഥാനം നേടി. ആവേശം കത്തിയ ആദ്യ പകുതിയില്‍ കളം നിറഞ്ഞത് ഡല്‍ഹി ഗോള്‍ക്കീപ്പര്‍ സോറന്‍ പോറെയായിരുന്നു. തകര്‍പ്പന്‍ സേവുകളുമായി പൂനെക്കാരുടെ അതിക്രമങ്ങള്‍ക്ക് അദ്ദേഹം തടയിട്ടപ്പോള്‍ അവസരോചിത ഗോളുമായി ഇന്ത്യന്‍ താരം കീന്‍ ലൂയിസ് ഡല്‍ഹിക്ക് ലീഡ് നല്‍കി.

സൂപ്പര്‍ താരം സിസോക്കോ പൂനെക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി കിക്ക് പാഴാക്കിയതിന് ശേഷമായിരുന്നു കീനിന്റെ ഗോള്‍.രണ്ടാം പകുതി ആരംഭിച്ചതും ജോനാഥന്‍ ലൂക്കയുടെ ഫ്രീകിക്കില്‍ നിന്നും ഉയര്‍ന്ന പന്തിന് തല വെച്ച് ആനിബാള്‍ പൂനെക്ക് സമനില സമ്മാനിച്ചു. ഏഴ് മിനുട്ടിന് ശേഷം പെനാല്‍ട്ടി പാഴാക്കിയ നിരാശ മറന്ന് സിസോക്കോയുടെ തകര്‍പ്പന്‍ ഗോള്‍ പൂനെക്ക് ലീഡ് സമ്മാനിച്ചു. ഡല്‍ഹി ഗോള്‍ക്കീപ്പറുടെ മൈനസ് പിഴവില്‍ ആനി ബാള്‍ അടുത്ത മിനുട്ടില്‍ തന്നെ ലീഡ് ഉയര്‍ത്തി. പക്ഷേ പൊരുതിയ ഡല്‍ഹി മലൂദയിലുടെ ഒരു ഗോള്‍ മടക്കി. 2-3 ല്‍ ആവേശം കത്തവെ ലെന്നി റോഡ്രിഗസിന്റെ സുന്ദരമായ കുതിപ്പില്‍ പൂനെ നാലാം ഗോളും നേടി. അവസാനത്തില്‍ ഡല്‍ഹിക്കായി മല്‍സ്‌വാല ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും സമനില എന്ന ലക്ഷ്യത്തിലേക്ക് അവര്‍ക്ക് എത്താനായില്ല.