മനില: ഫിലിപ്പീന്‍സിലെ മറാവി നഗരത്തെ തീവ്രവാദികളടെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള സൈനിക നടപടി ലക്ഷ്യത്തിലെത്താന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത തീവ്രവാദികളെ തുരത്താന്‍ സുരക്ഷാ സേനക്ക് സാധിച്ചിട്ടില്ല. മറാവിയില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനുള്ള തയ്യാറെടുപ്പോടെയാണ് തീവ്രവാദികള്‍ എത്തിയിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെയും ആയുധങ്ങളുടെയും വന്‍ ശേഖരവുമായി തുരങ്കങ്ങളിലും ഭൂഗര്‍ഭ അറകളിലുമാണ് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നത്. അക്രമികളെ തുരത്താന്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഫിലിപ്പീന്‍ സേനക്ക് ഇതുവരെയും സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച ഭൂഗര്‍ഭ അറകളുടെ വന്‍ ശൃംഖലകളിലാണ് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നത്. തീവ്രവാദികള്‍ക്കിടയില്‍ വിദേശികളുമുണ്ടെന്നാണ് വിവരം. ചുരുങ്ങിയത് ഒരു മാസത്തേക്കുള്ള ഭക്ഷ്യശേഖരവും ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ബോംബുകള്‍ക്കുപോലും ഈ ഭൂഗര്‍ഭ ഒളിത്താവളങ്ങള്‍ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് പടിഞ്ഞാറന്‍ മിന്‍ഡനാവോ സൈനിക മേധാവി മേജര്‍ ജനറല്‍ കാര്‍ലിറ്റോ ഗാല്‍വെസ് പറഞ്ഞു. 40 മുതല്‍ 200 വരെ തീവ്രവാദികള്‍ നഗരത്തില്‍ ഉണ്ടെന്നാണ് സൈന്യത്തിന്റെ കണക്ക്. തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 20 സാധാരണക്കാരടക്കം 170 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 180,000 പേര്‍ അക്രമം ഭയന്ന് പലായനം ചെയ്തു. നൂറുകണക്കിന് സിവിലിയന്‍മാര്‍ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ മറവായിയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ വീടുകളും കടകളും സൈന്യം കൊള്ളയടിച്ചുവെന്ന വാര്‍ത്ത ഫിലിപ്പീന്‍ ഭരണകൂടം നിഷേധിച്ചു. തീവ്രവാദികളുടെ പ്രമുഖ നേതാക്കളെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം അധികൃതര്‍ ഉയര്‍ത്തി.