തിരുവനന്തപുരം: മനുഷ്യജീവന് ഹാനികരമായ രീതിയില്‍ സംസ്ഥാനത്ത് വിഹരിക്കുന്ന തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന കാര്യത്തില്‍ നിയമസഭക്ക് ഏകസ്വരം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി പി.കെ ബഷീര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്നായിരുന്നു അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

തെരുവ്‌നായ്ക്കള്‍ക്ക് എതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരമാകൃഷ്ണനും ആവശ്യപ്പെട്ടു. പി.കെ ബഷീറിന് പുറമെ രമേശ് ചെന്നിത്തല, കെ.ബി ഗണേഷ് കുമാര്‍, തോമസ് ചാണ്ടി, എം.വിന്‍സന്റ് തുടങ്ങിയവരും നായ്ക്കളെ കൊല്ലണമെന്ന നിലപാടെടുത്തു. വി.എസ് ജോയി, ഒ.രാജഗോപാല്‍ എന്നിവരും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. നായ്ക്കളെ കൊല്ലുന്നവര്‍ക്ക് എതിരെ കാപ്പാ ചുമത്തണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മന്ത്രി കെ.ടി ജലീല്‍ അടക്കമുള്ള അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വോക്കൗട്ടിന് മുതിര്‍ന്നില്ല.

ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ സംസ്ഥാനത്തെ തെരുവ് നായ ശല്യം ഇല്ലാതാക്കാനാകില്ലെന്നും വന്ധ്യംകരണപ്രകിയയിലൂടെ മൂന്നു വര്‍ഷം കൊണ്ട് മാത്രമേ ഇതിന് പരിഹാരം കാണാനാവു എന്നും മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. സംസ്ഥാനത്ത് മൂന്നരലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ 8374 തെരുവ്‌നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. പഞ്ചായത്തുകളില്‍ വന്ധ്യംകരണത്തിന് വിധേയരാക്കിയ 3574 നായ്ക്കള്‍ അടക്കമാണിത്. പട്ടിപിടിത്തക്കാരെ കിട്ടാത്തതാണ് ഇക്കാര്യത്തില്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. സംസ്ഥാനമൊട്ടാകെ 56 പട്ടിപിടിത്തക്കാര്‍ മാത്രമാണുള്ളത്. മൂന്നു മാസത്തിനിടെ മാത്രം 701 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇതില്‍ 175 പേര്‍ കൂട്ടികളാണ്. നാലു മാസത്തിനിടെ നാലു പേരാണ് മരിച്ചത്. 2013ല്‍ 88,172 പേരാണ് പട്ടികളുടെ കടിയേറ്റ് ചികിത്സതേടിയതെങ്കില്‍ 2014 ല്‍ 1,19,191 പേരായി വര്‍ധിച്ചു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 53,000 പേര്‍ക്ക് കടിയേറ്റെന്നും മന്ത്രി പറഞ്ഞു.