കോഴിക്കോട്: കായിക താരം ചിത്രക്ക് അവസരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ മനംനൊന്ത് ഒളിംപ്യന്‍ പി.ടി ഉഷ. സഹിക്കാവുന്നതിലും അപ്പുറമാണ് പീഡനമെന്നും ദൃശ്യമാധ്യമങ്ങളുമായി മേലില്‍ സഹകരിക്കില്ലെന്നും ഉഷ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം: മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യമാകൂന്നത്. ചെറിയ കാര്യങ്ങളില്‍ ദു:ഖിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീക്ക് സഹിക്കാവുന്നതില്‍ അപ്പുറത്താണിത്. വൃദ്ധയായ മാതാവിനൊപ്പം, ഭര്‍ത്താവിനോപ്പം, സഹോദരി, സഹോദരന്മാര്‍ക്കും, ഏക മകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കുടി ഇനിയുള്ള കാലം ജീവിക്കണമെന്നുണ്ട്. അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് ദ്യശ്യ മാധ്യമങ്ങളുമായി സ്വയം സഹകരിക്കുന്നതല്ല. ഞാനീ കാര്യത്തില്‍ നിസ്സഹായയാണ്. എന്നോട് സദയം ക്ഷമിക്കുക.