ലക്‌നോ: അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തതിനു പിന്നാലെ മുലായംസിങ് യാദവ് പുതിയ വഴി തേടുന്നു.

ഇന്നലെ വൈകീട്ട് ലക്‌നോവില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ മുലായം പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് അവകാശമുന്നയിച്ചു. ജനുവരി അഞ്ചിന്‌വിളിച്ചുചേര്‍ത്ത പാര്‍ട്ടി കണ്‍വന്‍ഷന്‍ ഉപേക്ഷിച്ചതായും മുലായം വ്യക്തമാക്കി. സമാജ്് വാദി പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായി എന്ന് വ്യക്തമാക്കുന്നതാണ് മുലായത്തിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍.

പാര്‍ട്ടി കണ്‍വന്‍ഷന്‍ റദ്ദാക്കിയ കാര്യം ട്വിറ്ററിലൂടെ സംസ്ഥാന പ്രസിഡണ്ട് ശിവപാല്‍ യാദവ് ആണ് വ്യക്തമാക്കിയത്. അതേസമയം എന്തുകൊണ്ടാണ് സമ്മേളനം ഉപേക്ഷിച്ചതെന്ന് പറയുന്നില്ല. ”താന്‍ തെറ്റുകാരനാണെന്ന് ആരും പറയില്ല. താനൊരിക്കലും അഴിമതിയില്‍ പങ്കാളിയാവുകയോ ആരെയങ്കിലും വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല” എന്ന് മുലായംസിങ് പറഞ്ഞതായി ശിവ്പാല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം ലക്‌നോവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ദേശീയ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്.

പാര്‍ട്ടി ചട്ടങ്ങള്‍ പാലിക്കാതെയാണ് കണ്‍വന്‍ഷന്‍ ചേര്‍ന്നതെന്നും അഖിലേഷിനെ ദേശീയ പ്രസിഡണ്ടായി നിയമിച്ചത് അംഗീകരിക്കില്ലെന്നുമായിരുന്നു മുലായംസിങിന്റെ നിലപാട്. രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മുലായംസിങ് വ്യക്തമാക്കിയെങ്കിലും അഖിലേഷ് വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല.

ഉപാധ്യക്ഷന്‍ കിരണ്‍മോയ് നന്ദ, മുതിര്‍ന്ന നേതാക്കളായ രമണ്‍സിങ്, നരേഷ് അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയും മുലായം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം ഇപ്പോഴും പാര്‍ട്ടി പദവികളില്‍ തുടരുന്നതായാണ് അഖിലേഷ് വിഭാഗം വ്യക്തമാക്കുന്നത്.
ഭൂരിഭാഗം എം.എല്‍.എമാരും നേതാക്കളും അഖിലേഷിനൊപ്പം നിന്നതും മുലായംസിങിന് തിരിച്ചടിയായി. ഇതോടെയാണ് ജനുവരി അഞ്ചിന് ബദല്‍ കണ്‍വന്‍ഷന്‍ വിളിച്ച തീരുമാനം അദ്ദേഹം റദ്ദാക്കിയത്. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉറപ്പായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സൈക്കിള്‍ ചിഹ്നത്തിന് അവകാശമുന്നയിച്ചതെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.

അഖിലേഷ്- ശിവപാല്‍ കുടുംബപോരും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് സമാജ്്‌വാദി പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത്. അഖിലേഷിനെയും അമ്മാവന്‍ രാം ഗോപാല്‍ യാദവിനെയും ആദ്യം മുലായം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഇരുവരേയും തിരിച്ചെടുത്തു. എന്നാല്‍ ജനുവരി ഒന്നിന് പാര്‍ട്ടി കണ്‍വന്‍ഷന്‍ വിളിച്ച് അഖിലേഷിനെ ദേശീയ പ്രസിഡണ്ടായി പ്രഖ്യാപിച്ചതോടെ രാം ഗോപാല്‍ യാദവിനെ വീണ്ടും പുറത്താക്കുകയായിരുന്നു.