കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വരുന്ന ഞായറാഴ്ച ഡല്‍ഹി ഡൈനാമോസുമായുള്ള മത്സരം കാണുവാന്‍ എത്തുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരോട് ശാന്തരായിരിക്കാന്‍ സി.കെ.വിനീതിന്റെ വിനീതമായ അഭ്യര്‍ത്ഥന. മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്‌റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുതെന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ താരോദയം ആയിമാറിയിരിക്കുന്ന വിനീത് അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ നടന്ന എല്ലാ മത്സരങ്ങളിലും ശരാശരി അരലക്ഷത്തോളം പേര്‍ കളികാണുവാന്‍ എത്തിയട്ടുണ്ട്.സോഷ്യല്‍ മീഡിയയിലും ബ്ലാസറ്റേഴ്‌സിന്റെ ആരാധകരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഐഎസ്എല്‍ 2016നെ രാജ്യത്തിലുടനീളം എത്തിച്ചതില്‍ പ്രധാന പങ്കും ഈ സോഷ്യല്‍ മീഡിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ നടത്തിയ പ്രചരണമാണ്.

ഇത്രയേറെ ആവേശത്തോടെ ഫുട്‌ബോളിനെ വരവേറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെ കമന്റേറ്റര്‍ മാത്രമല്ല മുന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വരെ എടുത്തു പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കാണികള്‍ എന്നും കൊച്ചിയിലെ ഫുട്‌ബോള്‍ കാണികളെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായി നടന്ന ലീഗ് റൗണ്ടിലെ അവസാന മത്സരം ഇതുവരെയുള്ള എല്ലാ നല്ല വശങ്ങളും ഒരു നിമിഷം കൊണ്ടു കളഞ്ഞു കുളിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരായ ഉജ്ജ്വല വിജയത്തിലൂടെ സെമിയില്‍ എത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനു ഈ അനിഷ്ടസംഭവങ്ങള്‍ കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്. .

ഇതിന്റെ ശരിയായ വിവരം എനിക്ക് അറിയില്ല. പക്ഷേ, മോശമായ പലതും സംഭവിച്ചു. എല്ലാവരോടും എനിക്ക് അഭ്യര്‍ത്ഥിക്കാന്‍ ഒന്നേ ഉള്ളു. ഇനി ദയവായി ഇത്തരം അനിഷ്ടസംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ലോകം മുഴുവനും കൊച്ചിയിലെ ഈ മത്സരം കാണുന്നുണ്ടെന്ന കാര്യം ഓര്‍മ്മിക്കുക. നമ്മുടെ സ്വന്തം സ്‌റ്റേഡിയത്തിനും ബ്ലാസറ്റേഴ്‌സിന്റെ ആരാധകര്‍ക്കും ഒരു ചീത്തപ്പേര് ഉണ്ടാക്കാന്‍ ദയവായി ഇടയാക്കരുത്.ഒരു പക്ഷേ നിങ്ങള്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ ഇനി ദയവായി ഒരിക്കലും ആവര്‍ത്തിക്കരുത്. എല്ലാവരോടും മാന്യമായും സൗമ്യമായും പെരുമാരുക ,കാരണം കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകരാണ് ഏറ്റവും മികച്ചത്. ഈ നല്ല പേര് ബ്ലാസ്റ്റേ്‌ഴ്‌സിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ എല്ലാവരും കാത്തു സൂക്ഷിക്കുമെന്നു തനിക്കുവിശ്വാസമുണ്ടെന്നും വിനീത് പറഞ്ഞു.

കേരള ബ്ലാസറ്റേഴ്‌സിനെ സെമിഫൈനലില്‍ എത്തിച്ച വിനീത് കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പെടെ മൊത്തം ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടുകയും മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതോടെ ഏതാനും പേര്‍ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ നിന്നും ഗ്രൗണ്ടിലേക്കു ചാടിയിറങ്ങിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതേപോലെ ഒരു സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന കസേരകള്‍ ഭൂരിഭാഗവും നശിപ്പിക്കുകയും ഗ്രൗണ്ടിലേക്കു വലിച്ചെറിയുകയും ചെയ്തു .ഒടുവില്‍ പോലീസ് എത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.