മാഞ്ചസ്റ്റര്‍: ഈവര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്തുണയുമായി താരത്തിന്റെ മുന്‍ കോച്ചും ഇതിഹാസവുമായ അലക്‌സ് ഫെര്‍ഗൂസണ്‍. പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ അവിസ്മരണീയ പ്രകടനവുമായി മികച്ചു നില്‍ക്കുന്നത് ക്രിസ്റ്റ്യാനോയാണെന്ന് ഫെര്‍ഗി അഭിപ്രായപ്പെട്ടു.
‘ക്രിസ്റ്റ്യാനോയുടെ നേട്ടങ്ങളെ ആരും മറികടന്നിട്ടില്ല. അദ്ദേഹത്തിന് ഗംഭീര വര്‍ഷമായിരുന്നു കഴിഞ്ഞത്. ബാലണ്‍ദ്യോര്‍ ട്രോഫി ഉയര്‍ത്താന്‍ അദ്ദേഹത്തേക്കാള്‍ മികച്ച ഒരാളെ ഞാന്‍ കാണുന്നില്ല.
അദ്ദേഹം റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടി. പോര്‍ചുഗലിനെ 2016 യൂറോ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഫൈനലില്‍ പരിക്കുമായി കളിക്കാനായില്ലെങ്കിലും ശരി. സൈഡ് ലൈനില്‍ ടീമംഗങ്ങള്‍ക്കു വേണ്ടി ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു അദ്ദേഹം. അത്രമാത്രം ആ ട്രോഫി അദ്ദേഹം ആഗ്രഹിച്ചിരുന്നു.’ ഫെര്‍ഗൂസണ്‍ പറഞ്ഞു.