കുട്ടികളുടെ നിഷ്‌കളങ്കതയെ പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുയും ചെയ്യുന്നുവെന്നാരോപിച്ച് ബ്ലോഗറായ ഹാഷിം കൊളമ്പൻ നൽകിയ പരാതിയെ തുടർന്ന് സൂര്യ ടി.വിയിലെ ‘കുട്ടിപ്പട്ടാളം’ നിർത്തി. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ചാനലിന്റെ തീരുമാനം. പരിപാടി നിർത്തുകയാണെന്ന് സൂര്യ ടി.വി ബാലാവകാശ കമ്മീഷന് സത്യവാങ്മൂലം നൽകി.

കുട്ടികളുടെ പരിപാടി എന്ന മേൽവിലാസത്തിൽ കുട്ടികളെ പീഡിപ്പിക്കുകയാണ് കുട്ടിപ്പട്ടാളം എന്നും നിഷ്‌കളങ്കമായ വർത്തമാനങ്ങളെ അവതരാകർ മറ്റ് വഴികളിലൂടെ വ്യാഖ്യാനിച്ച് ഹാസ്യം എന്ന രൂപേണ അവതരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കുട്ടിപ്പട്ടാളത്തിന്റെ വിവിധ എപ്പിസോഡുകളിൽ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിന്റെയും നിഷ്‌കളങ്കത ചൂഷണം ചെയ്യുന്നതിന്റെയും തെളിവുകൾ സഹിതമാണ് ഹാഷിം പരാതി നൽകിയത്. എന്നാൽ ഒരു പണിയുമില്ലാത്തവരാണ് ഇത്തരം പരാതികൾക്കു പിന്നിൽ എന്ന് ‘കുട്ടിപ്പട്ടാളം’ അവതാരക സുബി സുരേഷ് ആരോപിച്ചിരുന്നു.

ഹാഷിം കൊളമ്പന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ സൂര്യ ടി.വിക്ക് നോട്ടീസ് അയച്ചത്. ഭേദഗതികളോടെ കുട്ടിപ്പട്ടാളം തുടരാമെന്ന് കമ്മീഷൻ നിർദേശിച്ചെങ്കിലും പരിപാടി നിർത്തുകയാണെന്ന് സൂര്യ ടി.വി അറിയിക്കുകയായിരുന്നു.