Connect with us

Video Stories

ഭരണ പരിഷ്‌കാരമെന്ന ഭാരം

Published

on

അസഹനീയമായ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കാറല്‍ മാര്‍ക്‌സും കുടുംബവും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ പത്‌നി ജന്നി വെസ്റ്റ് ഫാലന്‍ ഒരു ധനാഢ്യന്റെ മകളായിരുന്നിട്ട് പോലും യാതനകള്‍ സഹിച്ചാണവര്‍ ജീവിച്ചത്. വീട്ടുവാടക കൊടുക്കാനോ ആഹാരത്തിനോ പോലും പണമില്ലാത്ത ദുരവസ്ഥ അവര്‍ നേരിട്ടു. പാത്രങ്ങളും പുതപ്പും കോട്ടും വരെ വിറ്റ സന്ദര്‍ഭങ്ങളുണ്ടായി. വീട്ടുടമസ്ഥര്‍ പലപ്പോഴും അവരെ ഇറക്കിവിട്ടു. ഏഴു മക്കളില്‍ നാലുപേരും വേണ്ടത്ര പരിചരണങ്ങള്‍ ലഭിക്കാതെ ചെറുപ്പത്തിലേ മരണമടഞ്ഞു.

മഹാന്മാരുടെ ജീവ ചരിത്രത്തില്‍ ഇതിലും ദുരിതക്കടല്‍ താണ്ടിയവരുടെ കഥകള്‍ കാണാം. പ്രവാചകന്‍മാരും ഇതര മഹാത്മാക്കളും സമാനതയില്ലാത്ത കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും മറ്റും ഇന്ത്യയിലെ ദേശീയ നേതാക്കളെല്ലാം വേണ്ടത്ര വിഷമങ്ങള്‍ സഹിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ജീവിത ലാളിത്യം കൊണ്ട് മാതൃക കാണിച്ച അനവധി പേരുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളിലായി അത്തരം സദ്‌വൃത്തരും ത്യാഗധനന്മാരുമായ പലരേയും കാണാം. സ്വാഭാവികമായും പഴയകാല കമ്മ്യൂണിസ്റ്റുകാരിലും അത്തരക്കാരുണ്ടായിരുന്നു. ആയിനത്തില്‍പെട്ട ഒരാളായിട്ടാണ് ചിലരൊക്കെ അച്യുതാനന്ദനെ കാണുന്നത്. മാര്‍ക്‌സിന് അറുപത്തിനാല് വയസ്സുവരെയേ ജീവിക്കാനായുള്ളൂ. വി.എസ്സിന് നൂറു വയസ്സുവരെയെങ്കിലും ആ സൗഭാഗ്യമുണ്ടാവുമെന്ന് പ്രതീക്ഷയുണ്ട്. അതിനപ്പുറം കടന്നുപോയാലും അത്ഭുതപ്പെടാനില്ല.

കേരളത്തിലെ തലമുതിര്‍ന്ന പഴയ സഖാക്കളില്‍ അറിയപ്പെടുന്ന ഒരാള്‍ അദ്ദേഹമാണ്. അറിയപ്പെടാത്ത പലരും വേറെയുണ്ടാകാം. അതുകൊണ്ട് ഒരു മാതൃകാ കമ്മ്യൂണിസ്റ്റായി അദ്ദേഹത്തെ ചിലര്‍ എഴുന്നള്ളിച്ചു നടക്കുകയാണ്. ഇന്നത്തെ വി.എസിന് ഈ പദവി അവകാശപ്പെടാന്‍ കഴിയുമോ. അദ്ദേഹത്തിന്റെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ സംശയം തോന്നാം. പണ്ടുണ്ടായിരുന്ന വല്ല നന്മകളും അദ്ദേഹത്തിനുണ്ടോ? കേരളത്തിലെ ചില മാധ്യമങ്ങള്‍ ഒരുനല്ല കമ്മ്യൂണിസ്റ്റും ജനപക്ഷ രാഷ്ട്രീയ നേതാവുമായി അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നു. കൃത്രിമമായി വളര്‍ത്തിയെടുത്തതും വി.എസിന് ചുറ്റും വളര്‍ന്നുവന്നതുമായ ഈ മിഥ്യാതരംഗത്തില്‍ സി.പി.എം പോലും അകപ്പെട്ട് പോവുകയാണ് ചെയ്തത്.

സ്വന്തം പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തോട് കലഹത്തിലേര്‍പ്പെടാന്‍ തുടങ്ങിയ നാള്‍മുതല്‍ ചിലര്‍ വി.എസിനെ വേറിട്ട വ്യക്തിത്വമായി വിലയിരുത്തുന്നു. അദ്ദേഹത്തെ പിണക്കരുതെന്നും പാര്‍ട്ടിക്ക് പുറത്തു നിര്‍ത്തരുതെന്നും ഔദ്യോഗിക നേതൃത്വം ധരിച്ചുവശായിരിക്കുന്നു. കാണപ്പെടാത്തതും അതുകൊണ്ടുതന്നെ അളന്നുതിട്ടപ്പെടുത്താനാവാത്തതുമായ ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ നാട്ടിലെവിടെയോ ഇദ്ദേഹത്തിനുള്ളതായി ചിലര്‍ വിശ്വസിക്കുന്നു. ഈ സങ്കല്‍പ്പം വളരെ പഴയതാണ്. ഭൂത പ്രേതാദികളിലുള്ള വിശ്വാസം പോലെ ഒന്നു മാത്രമാണിത്. വെളുത്ത സാരി ധരിച്ച് കാല്‍ ചിലങ്കയണിഞ്ഞ് അസമയങ്ങളില്‍ പാട്ടും പാടി നിലം തൊടാതെ നടന്നുനീങ്ങുന്ന യക്ഷികളെയും ആത്മാക്കളെയും സിനിമകളില്‍ കാണാറുണ്ട്. അപ്രകാരം ഒരു സങ്കല്‍പ്പമാണ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ അച്യുതാനന്ദന്റെ ശക്തിയിലും ജന പിന്തുണയിലും ചിലര്‍ കണ്ടെത്താറുള്ളത്. പാര്‍ട്ടിയുടെ ഘടകങ്ങളിലോ പുറത്തോ ഒന്നുംതന്നെ താന്‍ വി.എസിനോടൊപ്പമാണെന്ന് നെഞ്ചും വിരിച്ച് പറയുന്ന ഒരാളെയും കേരളം കണ്ടിട്ടില്ല.

നീലേശ്വരം ഓട്ടോസ്റ്റാന്റ് പോലെ സൂക്ഷ്മമായി ചിലയിടങ്ങളില്‍ അന്വേഷിച്ചാല്‍ ആരെങ്കിലും വി.എസിനെ അനുകൂലിക്കുന്നവര്‍ ഉണ്ടാവാം. ഒരു കാര്യവും നേരെ ചൊവ്വെ തീരുമാനിച്ച് കൊണ്ടു നടക്കാന്‍ പാര്‍ട്ടിക്ക് പറ്റാതായത് വി.എസിന്റെ വക്രത കാരണമാണെന്ന് സകലര്‍ക്കുമറിയാം. വാര്‍ധക്യത്തിലും സ്ഥാനവും മാനവും നേടാന്‍ പെടാപാട് പെടുന്ന വി.എസ് ആണോ ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്‍? ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം ജയിച്ച് അധികാരത്തിലെത്തിയതിന് കാരണം അച്യുതാനന്ദനോടുള്ള ജനലക്ഷങ്ങള്‍ക്കുള്ള ഇഷ്ടം കാരണമാണോ. അങ്ങിനെ വിലയിരുത്തുന്നവര്‍ വസ്തുതകളും വാസ്തവങ്ങളും വളച്ചൊടിക്കുകയാണ്. മുഖ്യമന്ത്രിയാവാന്‍ ആവതും ശ്രമം നടത്തി അദ്ദേഹം പരാജയപ്പെട്ടു. പിന്നെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കാമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. അന്നു മുതല്‍ സെക്രട്ടേറിയേറ്റില്‍ തന്നെ ഓഫീസ്, മന്ത്രി തുല്യമായ അവകാശങ്ങള്‍, അധികാരങ്ങള്‍, ഭവനം എന്നിവക്കുവേണ്ടി അദ്ദേഹം പൊരുതുകയാണ്. കൊട്ടാരം പോലുള്ള വീടിനോടും ഓഫീസ് സംവിധാനങ്ങളോടും കാറിനോടും മറ്റു സാമ്പത്തികാനുകൂല്യങ്ങളോടും ഇത്രയേറെ ആര്‍ത്തി കാണിക്കുന്നയാളാണോ ജനപക്ഷ രാഷ്ട്രീയനേതാവ്?. സ്റ്റാഫിന്റെ എണ്ണത്തിലും വണ്ണത്തിലും വാശിപിടിച്ചതും അതുകൊണ്ടാണോ? ഭവനം കിട്ടിയിട്ടും എം.എല്‍.എ ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കാന്‍ കാണിക്കുന്ന വിമുഖത ആര്‍ത്തിയുടെ ആഴമല്ലേ കാണിക്കുന്നത്. ഭൗതികാഢംബരങ്ങളോടുള്ള ഈ അടങ്ങാത്ത കൊതി ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്, പോകട്ടെ ഒരു നല്ല മനുഷ്യന് ചേര്‍ന്നതാണോ? ഇത്രയൊക്കെ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പണത്തോടും പദവി പോലെ തന്നെ ഭ്രമം തോന്നില്ലേ.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവുമൊക്കെ ഇത്തരക്കാര്‍ ചെയ്യാതിരിക്കുമോ. വി.എസിന്റെ മകനെക്കുറിച്ചുവന്ന ആരോപണങ്ങള്‍ നിസ്സാരമായിരുന്നില്ലല്ലോ. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വന്ന ഒരാള്‍ ഇതുവരെ അദ്ദേഹം വിഭാവനം ചെയ്യുന്ന ഒരു ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് വാമൊഴിയായോ വരമൊഴിയായോ വല്ലതും ഉരുവിട്ടുവോ? താന്‍ താമസിക്കാന്‍ പോകുന്ന വീട്, തനിക്കായി സംവിധാനിക്കുന്ന ഓഫീസ്, മറ്റാനുകൂല്യങ്ങള്‍ എന്നിവയെ പ്രഥമ സ്ഥാനത്തുനിര്‍ത്തി നാണമില്ലാതെ ചര്‍ച്ചചെയ്യാന്‍ അദ്ദേഹം കാണിച്ച ഔല്‍സുക്യം കണ്ടില്ലെന്ന് നടിക്കാനാവുമോ? ഇതെന്തൊരു കമ്മ്യൂണിസ്റ്റാണപ്പാ. മുഖ്യമന്ത്രി പദവി വീണ്ടും ലഭിക്കാനും പാര്‍ട്ടിക്കകത്തെ ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കാനും സ്ഥാനാര്‍ത്ഥിയാവാനും തന്റെ എതിരാളികളായി അദ്ദേഹം കരുതുന്ന പാര്‍ട്ടിയിലെ ഇതര നേതാക്കളെ ഒതുക്കാനും വേണ്ടി എത്ര കാലമായി അദ്ദേഹം പടവെട്ടുകയാണ്. ഇതാണോ ജനപക്ഷ രാഷ്ട്രീയം.

പിണറായിയും കോടിയേരിയും അവരുടെ കേന്ദ്ര നേതാക്കളുമൊക്കെ കാണിക്കുന്ന അച്ചടക്കത്തിന്റെ ഒരംശംപോലും വി.എസ് കാണിക്കാറുണ്ടോ. എല്ലാം ചോദിച്ച് വാങ്ങുകയും കിട്ടിയാല്‍ തല്‍ക്കാലം ഒതുങ്ങുകയും വീണ്ടും ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ ഉന്നയിക്കുകയും ചെയ്യുന്ന അച്യുതാനന്ദന്റെ ഏറ്റവും വലിയ ലക്ഷ്യം സ്വന്തം താല്‍പര്യങ്ങള്‍ തന്നെയാണ്. ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു ജന പിന്തുണയും അദ്ദേഹത്തിനില്ല. പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ നീലേശ്വരം ഓട്ടോസ്റ്റാന്റില്‍ പോലും ഒരു ചലനവുമണ്ടാകാനിടയില്ല. മാധ്യമങ്ങള്‍ ഉടന്‍ നിര്‍ദ്ദയം അദ്ദേഹത്തെ കൈവിടുമെന്ന കാര്യത്തിലും ഒരു തര്‍ക്കവുമില്ല. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു സംഭാവനയുമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളോ ആവശ്യങ്ങളോ ലോകത്തിലും ഇന്ത്യയിലും ഭരണ രംഗത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളോ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പുതിയ കേരളത്തിന് അനുയോജ്യമായ പരിഷ്‌കാരങ്ങള്‍ ശിപാര്‍ശ ചെയ്യാനോ അച്യുതാനന്ദന് കഴിയുമെന്ന് തോന്നുന്നില്ല. ആകെക്കൂടി സി.പി.എമ്മിനകത്ത് സമാധാന നില അപകടത്തിലാവാതെ നോക്കാമെന്നേയുള്ളൂ. അതും വി.എസ്സിനെ അറിയുന്നവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും അദ്ദേഹം നന്ദി കാട്ടുകയോ പാര്‍ട്ടി വൃത്തത്തിനകത്ത് ഒതുങ്ങിക്കഴിയുകയോ ചെയ്യാനിടയില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി സങ്കല്‍പ്പം ഇത്രമാത്രമാണ്.

സര്‍ക്കാരിന്റെ ഖജാനയില്‍ നിന്ന് ചിലവഴിക്കുന്ന ഏറ്റവും അനാവശ്യമായ പണം അച്യുതാനന്ദന് വേണ്ടിയാകുമെന്ന് ഉറുപ്പാണ്. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി കോടിയേരിയും ആലോചിച്ച് കേരളത്തിന്റെ തലയില്‍ നിന്ന് ഈ ഭാരം ഇറക്കിവെക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. ജയരാജന്റെ വിഷയത്തില്‍ പിണറായി കാണിച്ച ഉശിരിന്റെ അഞ്ചിലൊന്ന് കാണിച്ചാല്‍ പാര്‍ട്ടിയും ഭരണവും അച്യുതാനന്ദന്റെ ബാധയില്‍ നിന്ന് മോചിതമാവും. യാതൊരു പ്രത്യാഘാതവും സി.പി.എം പാര്‍ട്ടിക്കകത്തോ പുറത്തോ സംഭവിക്കാനും പോകുന്നില്ല.
ഭരണപരിഷ്‌കാരമെന്ന ഈ ഭാരം കണ്ടകശ്ശനിയാവാതെ നോക്കാന്‍ സി.പി.എമ്മിന് കഴിയില്ലേ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending