മതപ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക് വിലക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, നഈം അക്തര്‍, ഖുറം അനീസ് ഉമര്‍, രാജ്യസഭാംഗം പി.വി അബ്ദുല്‍വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മതപണ്ഡിതനായ സാക്കിര്‍ നായികിനു നേരെ നടന്ന ക്രൂരമായ നീതി നിഷേധം കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ആവര്‍ത്തിക്കുകയാണ്. പല പ്രമുഖ പണ്ഡിതരുടെയും പേരില്‍ യു.എ.പി.എ പ്രകാരം കേസെടുത്തിരിക്കുന്നു. ഏതെങ്കിലുമൊരാളോട് പരാതി എഴുതിവായിച്ച് അതിന്റെ അടിസ്ഥാനത്തില്‍ യാതൊരു തെളിവുമില്ലാതെ യു.എ.പി.എ ചുമത്തുന്ന ക്രൂര വിനോദമാണ് നടക്കുന്നത്. ഇന്ത്യയില്‍ സ്വകാര്യ മേഖലയില്‍ മതവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ജനങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ദ്ദയും വര്‍ഗീയതയും ഉണ്ടാക്കുന്ന ഫാഷിസ്റ്റുകളുടെ സ്ഥാപനങ്ങളും ധാരാളമുണ്ട്. രാജ്യത്തു നടത്തിയിട്ടുള്ള ഒട്ടനവധി പ്രഭാഷണങ്ങള്‍ യൂ-ട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലുണ്ട്. അവയില്‍ തീപാറുന്ന പ്രസംഗങ്ങള്‍ നടത്തിയ ഒട്ടേറെ പേരുണ്ട്.

അവരാരുടെയും പേരില്‍ യാതൊരു കേസും എടുക്കാത്ത എന്‍. ഐ.എ, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രബോധകരുടെ പേരില്‍ കള്ളക്കേസുകളെടുക്കുകയാണ്. രാജ്യത്തിന്റെ കുറ്റാന്വേഷണ ഏജന്‍സി എന്ന നിലയില്‍ വിശ്വസ്തതയും നീതിബോധവും കാണിക്കേണ്ട എന്‍.ഐ. എ കടുത്ത പക്ഷപാത നിലപാടാണ് സ്വീകരിക്കുന്നത്. 2008ലെ മലേഗാവ് സ്‌ഫോടന കേസ്സില്‍ അന്നത്തെ പബ്ലിക് പ്രോസിക്യൂട്ടറോട് പ്രതികള്‍ക്ക് അനുകൂല നിലപാടെടുക്കണമെന്ന് പറഞ്ഞതുതൊട്ട് എന്‍.ഐ.എ കുപ്രസിദ്ധമായ പല സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ട്.

ഇതാവര്‍ത്തിക്കുകയാണ്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ജനമനസാക്ഷി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമാന ചിന്താഗതിയുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ഖാദര്‍ മൊയ്തീന്‍ അടക്കമുള്ള തമിഴ്‌നാട് പ്രതിനിധികള്‍ക്ക് യോഗത്തില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.