തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതി നടത്തിയെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവിട്ടു. മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം നടത്തും. അഡ്വ.പി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടിയുടെ അഴിമതി നടന്നെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. മന്ത്രിക്കെതിരെ നേരത്തെ നല്‍കിയിരുന്ന ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും ഭര്‍ത്താവും കാപ്പക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പിനും പുറമെ കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപക്‌സിന്റെയും എം.ഡിമാര്‍, തോട്ടണ്ടി നല്‍കിയ അഞ്ച് സ്ഥാപനങ്ങളുടെ മേധാവിമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചു.

കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ തോട്ടണ്ടി വാങ്ങിയതില്‍ 10.34 കോടി രൂപയുടെ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.ഡി.സതീശന്‍ എം.എല്‍.എയാണ് ആദ്യം നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും അഴിമതി തെളിയിച്ചാല്‍ മന്ത്രിപദം ഉപേക്ഷിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മ അന്നു മറുപടി നല്‍കിയിരുന്നു. ടെന്‍ഡറില്‍ ഡോളര്‍ നിരക്ക് രേഖപ്പെടുത്തിയ തോട്ടണ്ടി വാങ്ങിയത് ഇന്ത്യന്‍ രൂപയിലായതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് സതീശന്റെ ആരോപണത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിശദീകരണം. അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളുകയും ചെയ്തിരുന്നു.

കുറഞ്ഞ വില ക്വാട്ട് ചെയ്ത കമ്പനികളെ തഴഞ്ഞ് കൂടിയ വില മുന്നോട്ടുവെച്ച കമ്പനിയില്‍ നിന്നും കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങിയെന്നും വില കൂടിയെന്ന കാരണത്താല്‍ ടെണ്ടര്‍ നിരസിച്ച കമ്പനിയില്‍ നിന്നുതന്നെ പത്ത് ദിവസത്തിനുള്ളില്‍ ഉയര്‍ന്ന വിലക്ക് കാപ്പക്‌സ് തോട്ടണ്ടി വാങ്ങിയെന്നുമാണ് പ്രധാന ആരോപണം. ഒരു കമ്പനിക്ക് ടെണ്ടര്‍ കിട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചതായും ആക്ഷേപമുണ്ട്. പത്തരക്കോടിയുടെ അഴിമതി നടന്നെന്നും ഇടപാടിലൂടെ സര്‍ക്കാറിന് വന്‍ നഷ്ടമുണ്ടായെന്നും പാരാതിക്കാരന്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ നവംബര്‍ 30ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം പ്രഖ്യാപിച്ചില്ല. തുടര്‍ന്ന് അഡ്വ. റഹീം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്‍ നിലപാടില്‍ മന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും സത്യസന്ധമായ അന്വേഷണം നടന്നാല്‍ മേഴ്‌സിക്കുട്ടിയമ്മ കുടുങ്ങുമെന്നും വി.ഡി സതീശന്‍ എം.എല്‍.എ പ്രതികരിച്ചു.