കൊല്‍ക്കത്ത: ആദ്യ 45 മിനുട്ടില്‍ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍…. രണ്ടാം പകുതിയില്‍ മുംബൈ സൂപ്പര്‍ താരം ഡിയാഗോ ഫോര്‍ലാന് ചുവപ്പ് കാര്‍ഡ്. മല്‍സരാവസാനത്തില്‍ വെറ്ററന്‍ ഇയാന്‍ ഹ്യമൂന് കളിയിലെ കേമന്‍പ്പട്ടം….. രബീന്ദ്ര സരോവറില്‍ നടന്ന സംഭവ ബഹുലമായ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം പാദ സെമിയില്‍ 3-2 ന്റെ വിജയവുമായി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത കലാശപ്പോരാട്ടത്തിന് അരികിലെത്തി.

13ന് നടക്കുന്ന രണ്ടാം പാദ സെമി പോരാട്ടം ഫൈനല്‍ ബെര്‍ത്ത് തീരുമാനിക്കും. നിറഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിനിര്‍ത്തി മനോഹരമായാണ് കളി തുടങ്ങിയത്. മൂന്നാം മിനുട്ടില്‍ തന്നെ കൊല്‍ക്കത്തക്കാര്‍ ഭാഗ്യ ഗോളില്‍ ലീഡ് നേടി. ബോര്‍ജ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് റാല്‍റ്റെ ഹെഡ് ചെയ്തപ്പോള്‍ പന്ത് കൃത്യമായി മുംബൈ ഗോള്‍ക്കീപ്പര്‍ അമരീന്ദറിലേക്കായിരുന്നു. പക്ഷേ പന്തിനെ ജഡ്ജ് ചെയ്യുന്നതില്‍ ഗോള്‍ക്കീപ്പര്‍ വിജയിച്ചില്ല. പക്ഷേ ലിയോ കോസറ്റയിലുടെ അതിവേഗം മുംബൈ സമനില നേടി. ഫോര്‍ലാന്റെ ഫ്രീകിക്കില്‍ നിന്നും ലഭിച്ച പന്ത് സുനില്‍ ചേത്രി ലിയോ കോസ്റ്റക്ക് നല്‍കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി മുംബൈ ലീഡ് നേടുന്നതാണ് പിന്നെ കണ്ടത്. ഫോര്‍ലാന്റെ ഫ്രീകിക്കില്‍ ജേര്‍സണ്‍ വിയേരയുടെ ഹെഡ്ഡര്‍. ഒന്നാം പകുതിയില്‍ മുംബൈ ലീഡുമായി പോവുമെന്ന് കരുതിയ ഘട്ടത്തിലാണ് ഹ്യമിന്റെ തട്ടുതകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ വലയില്‍ കയറിയത്. ഇടവേള വിസിലിന് തൊട്ട് മുമ്പ് ഹെക്ടര്‍ പോസ്റ്റീഗയെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി ഹ്യും ഉപയോഗപ്പെടുത്തിയപ്പോള്‍ ആതിഥേയര്‍ക്ക് നിര്‍ണായക ലീഡ്. പക്ഷേ രണ്ടാം പകുതിയില്‍ കളി ബോറനായി. ഫോര്‍ലാന്‍ ചുവപ്പില്‍ പുറത്തായി. തികച്ചും അനാവശ്യമായിട്ടായിരുന്നു സൂപ്പര്‍ താരത്തിന്റെ രണ്ട് ഫൗളുകളും.

അതോടെ മുംബൈയുടെ ആക്രമണങ്ങളും അവസാനിച്ചു. ഇരുവരും തമ്മിലുള്ള രണ്ടാം പാദം 13ന് മുംബൈയില്‍. ഈ മല്‍സരത്തില്‍ രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചാല്‍ മാത്രമാണ് മുംബൈക്ക് ഫൈനല്‍.