ന്യൂഡല്‍ഹി: ദേശീയതയില്‍ പൊതിഞ്ഞ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എംപി പര്‍വേഷ് വര്‍മ. രാജ്യത്തെ മുസ്‌ലിംകള്‍ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ജനപ്രതിനിധിയായ വര്‍മ പറഞ്ഞു.

ഇതുവരെ അവര്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. ഭാവിയില്‍ ചെയ്യുകയുമില്ല. ബി.ജെ.പിക്കാര്‍ രാജ്യസ്‌നേഹികളായതുകൊണ്ടാണ് ഈ വിരോധമെന്നും പര്‍വേഷ് പറഞ്ഞു. ബാഗ്പട്ടില്‍ നടന്ന ചടങ്ങിനിടെയായിരുന്നു വര്‍ഗീയ പരാമര്‍ശം. എന്തുകൊണ്ടാണ് തീവ്രവാദികളെല്ലാം മുസ്‌ലിംകള്‍ ആകുന്നതെന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകന്‍ കൂടിയായ പര്‍വേഷ് ചോദിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ഭൂമിയില്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഇയാള്‍ വെല്ലുവിളിച്ചു. അതേസമയം വര്‍മയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്, ബി.എസ്.പി, ആം ആദ്മി, സമാജ്‌വാദി പാര്‍ട്ടികള്‍ രംഗത്തെത്തി.