മോസ്‌കോ: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണുവെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സോചിയില്‍ നിന്നും 1.5 കിലോമീറ്റര്‍ അകലെ കരിങ്കടലില്‍ വിമാനം കണ്ടെത്തിയത്. കടലില്‍ 50-70 അടി താഴ്ചയിലാണ് വിമാനമുള്ളത്.

കരിങ്കടലിനോട് ചേര്‍ന്ന സോചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട റഷ്യയുടെ Au- 154 വിമാനമാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റോളം കഴിഞ്ഞ ശേഷം റഡാറില്‍ നിന്നും കാണാതാവുകയായിരുന്നു. വിമാന ജീവനക്കാരടക്കം 91 പേരാണ് വിമാനത്തിലുള്ളത്. സിറിയയിലെ ലഡാകിയ പ്രവിശ്യയിലേക്ക് തിരിച്ച സൈനികരായിരുന്നു വിമാനത്തിലുള്ളത്.

റഷ്യന്‍ സൈനിക നിരയിലെ പ്രശസ്തമായ അലക്‌സാന്ദ്രോവ് മിലിറ്ററി മ്യൂസിക് അംഗങ്ങളാണ് കൊല്ലപ്പെട്ടവരില്‍ 64 പേരും. മോസ്‌കോയില്‍ നിന്നും പുറപ്പെട്ട വിമാനം സോചിയില്‍ ഇന്ധനം നിറക്കുന്നതിന് ഇറക്കിയതായിരുന്നു.