ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ തുരങ്കപ്പാതയിലെ മെട്രോ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ കനത്ത സുരക്ഷ. സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് പൊലീസ്. തുരങ്കപാതയിലെ പാഴ്‌സണ്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. പ്രാദേശിക സമയം ഇന്നലെ രാവിലെ എട്ടിനു ശേഷമായിരുന്നു സ്‌ഫോടനം. ട്രെയിനിന്റെ പിന്‍ഭാഗത്ത് ഒരു ബാഗില്‍ സൂക്ഷിച്ച ബക്കറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. ഉഗ്രശബ്ദത്തിലാണ് സ്‌ഫോടനം നടന്നത്. പുകയും തീയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി ചിതറി ഓടി. ഉടന്‍ തന്നെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ട്രയിനിലുള്ളവരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇന്റര്‍നെറ്റ് സംവിധാനമാണ് ആക്രമണത്തിന്റെ ചാലക ശക്തിയായി പ്രവര്‍ത്തിപ്പിച്ചത്. ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാതിരിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇലക്ട്രോണിക് ഡിവൈസുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ഇംപ്രോവൈസിഡ് എക്‌സ്‌പ്ലോസീസ് ഡിവൈസ് (എല്‍ഇഡി) ആണ് ബന്ധിപ്പിച്ചിരുന്നതെന്നു അസിസ്റ്റന്റ് കമ്മീഷ്ണര്‍ മാര്‍ക്ക് റോളി വ്യക്തമാക്കി. സമയം ക്രമീകരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.