കോഴിക്കോട്: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ജനങ്ങളെ പലവിധത്തില്‍ ബാധിച്ചെങ്കിലും നമ്മുടെ അന്തരീക്ഷത്തെ ശുദ്ധമാക്കിയിട്ടുണ്ട്. മാസങ്ങളോളം നഗരങ്ങള്‍ നിശ്ചലമായതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോതില്‍ അത്ഭുതകരമായ കുറവാണുണ്ടായത്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ക്കൊപ്പം കേരളത്തിലെ നഗരങ്ങളിലെയും അന്തരീക്ഷവായുവിലെ അപകടകരമായ ഘടകങ്ങളുടെ അളവ് പകുതിയായി കുറഞ്ഞു.
ഇന്ത്യയിലെ 120 നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരമാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളും പഠനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ക്ക് വീടിനുള്ളില്‍ തന്നെ കഴിയേണ്ടിവന്നതും വാഹന ഗതാഗതം ഏറെക്കുറെ പൂര്‍ണമായി നിശ്ചലമായതും നമ്മുടെ നഗരങ്ങളിലെ അന്തരീക്ഷവായുവിന് പുതിയ ജീവന്‍ പകര്‍ന്നു. കൂടാതെ ഫാക്ടറികള്‍ അടച്ചുപൂട്ടി. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചപ്പുചവറുകള്‍ കത്തിക്കല്‍ അടക്കമുള്ള പ്രവൃത്തികളും മുടങ്ങി. പൊതുഗതാഗത സംവിധാനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും നിലച്ചു. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേയുടെ രാജ്യമെമ്പാടുമുള്ള സര്‍വീസുകളും നിര്‍ത്തി.
നഗരങ്ങള്‍ ഇന്നത്തെ തോതില്‍ വളര്‍ന്നതിനു ശേഷം ഇത്തരമൊരു സാഹചര്യം ചരിത്രത്തില്‍ ആദ്യമായിരുന്നു. കാര്‍ബണ്‍ പുറന്തള്ളലും പൊടിപടലങ്ങളും മൂലം ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം ഗുരുതരനിലയിലേയ്ക്ക് നീങ്ങുന്നതിനിടെയായിരുന്നു അന്തരീക്ഷവായുവിന് പുതുജീവന്‍ നല്‍കിയ സമ്പൂര്‍ണ അടച്ചിടല്‍ സംഭവിച്ചത്.