വടക്കാഞ്ചേരിയില്‍ സി.പി.എം നേതാവ് ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പീഡിപ്പിക്കപ്പെട്ട വീട്ടമ്മക്ക് നീതി നല്‍കേണ്ടതിന് പകരം അവരോട് മോശമായി പെരുമാറിയ പേരാമംഗലം സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കേസ് അന്വേഷണം വനിതാ എ.ഡി.ജി.പിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതിന് തയാറായില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നോട്ടീസ് നല്‍കിയ അടിയന്തരപ്രമേയ ചര്‍ച്ചക്ക് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക്.
സി.പി.എം എന്നല്ല ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ടവരായാലും സ്ത്രീ പീഡനക്കേസുകളിലെ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിപക്ഷത്തിന് മറുപടി നല്‍കിയ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനില്‍ അക്കരയോട്, എം.എല്‍.എക്ക് പരാതിയുണ്ടെങ്കില്‍ കേസ് അന്വഷണം നടത്തുന്ന ഗുരുവായൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറോട് പറയണമെന്ന് മന്ത്രി പറഞ്ഞത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. കേരളകോണ്‍ഗ്രസും ബി.ജെ.പിയും വാക്കൗട്ടില്‍ പങ്കെടുത്തു. മന്ത്രിയുടെ പ്രസ്താവന അംഗങ്ങളെ അപമാനിക്കുന്നതാണെന്നും അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാലന്‍ പരാമര്‍ശം പിന്‍വലിച്ചു.
വടക്കാഞ്ചേരിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ ഏത് പാര്‍ട്ടിയിലായാലും നടപടിയുറപ്പാണ്. ഇക്കാര്യത്തില്‍ ഉപ്പു തിന്നവരെക്കൊണ്ട് വെള്ളം കുടിപ്പിക്കും. എത്ര ഉന്നതരായായും അവര്‍ക്ക് പൊതുസമൂഹത്തിലും പാര്‍ട്ടിയിലും സ്ഥാനമുണ്ടാവില്ല. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. പ്രതിപക്ഷം ഉന്നയിച്ച അഞ്ചു പീഡനക്കേസുകളില്‍ ചിലതില്‍ അറസ്റ്റുണ്ടായി. മറ്റുള്ള കേസുകളില്‍ പ്രതികളെ ഉടന്‍ പിടികൂമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോകുകയുമായിരുന്നു.
കേസന്വേഷണത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയ പേരാമംഗലം സര്‍ക്കിള്‍, മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍, ഗുരുവായൂര്‍ എ.സി.പി, സിറ്റി പൊലീസ്് കമ്മീഷണര്‍ എന്നിവരേയും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിപ്പിച്ച അനില്‍ അക്കരെ പറഞ്ഞു. ഒരു വനിതാ എ.ഡി.ജി.പിയെകൊണ്ട് അന്വേഷിപ്പിക്കണം.
പീഡനവും തുടര്‍ന്നുള്ള ശല്യവും കാരണം സ്ത്രീക്ക് നാട്ടില്‍ നില്‍ക്കാനാവാതെ ഗള്‍ഫിലേക്ക് പോകേണ്ടി വന്നു. അപ്പോള്‍ കേസിലെ മുഖ്യപ്രതിയും സി.പി.എം നേതാവുമായ ജയന്തനും സുഹൃത്തുക്കളും അവരുടെ നഗ്‌ന ചിത്രം ഫെയ്‌സ് ബുക്കിലിട്ടു. ഭര്‍ത്താവിന്റെ പേരില്‍ വടക്കാഞ്ചേരി പൊലീസില്‍ കള്ളക്കേസ് കൊടുത്തു. പിന്നീട് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ആ കേസ് ഒത്തുതീര്‍പ്പാക്കി. തന്റെ കക്ഷികള്‍ക്ക് നീതി നടത്തിക്കൊടുക്കേണ്ട സി.പി.എം പ്രവര്‍ത്തക കൂടിയായ അഭിഭാഷക കേസ് ഒതുക്കാനാണ് ശ്രമിച്ചത്. അവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് അനില്‍ അക്കരെ ആവശ്യപ്പെട്ടു.
Be the first to write a comment.