കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് സ്‌പെന്‍ഷന്‍. തലക്കുളത്തൂര്‍ പഞ്ചായത്തിലെ എടക്കര എ.എസ്.വി.യു.പി സ്‌കൂള്‍ അധ്യാപകനും ബിജെപിയുടെ അധ്യാപക സംഘടന നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതാവുമായ ടി.എ നാരായണനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ബാലുശേരി എ.ഇ.ഒയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഡി.ഇ ഗിരീഷ് ചോലയിലിന്റെ നിര്‍ദേശപ്രകാരമാണ് താമരശേിരി ഡി.ഇ.ഒ സസ്‌പെന്‍ഡ് ചെയ്തത്.

രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയല്‍ നിയമം (പോക്‌സോ) അനുസരിച്ച് അത്തോളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അധ്യാപകന്‍ ഒളിവിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നന്മണ്ട ഡിവിഷനില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് നാരായണന്‍. അഞ്ചുവര്‍ഷം മുമ്പും ഇദ്ദേഹത്തിനെതിരെ സമാന പരാതി ഉയര്‍ന്നിരുന്നു.

വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി കുട്ടികളില്‍നിന്ന് രേഖാമൂലം പരാതി എഴുതിവാങ്ങിയിരുന്നു. തുടര്‍ന്നാണ് പരാതി അത്തോളി പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച കുട്ടികളെ പേരാമ്പ്ര മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പഠനത്തില്‍ പിന്നോക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ വൈകിട്ട് പ്രത്യേക ക്ലാസ് നടക്കാറുണ്ട്. ഇതിന് എത്തുന്ന ഏഴ് വിദ്യാര്‍ഥിനികളെ അധ്യാപകന്‍ നിരന്തരം ശല്യംചെയ്തുവെന്നാണ് പരാതി.